കോഴിശ്ശേരി മന നെടുങ്ങോട്ടൂർ
ഷൊർണുർ കടപ്പെടുന്ന മന
ദേശ കുതിര തണ്ടുകൾ കോഴിശ്ശേരി മനയിലാണ് കാലങ്ങളായി സൂക്ഷിച്ചു വരുന്നത്.
ഒരു കാലത്ത് ഷൊർണൂരിലെ മുക്കാൽ പങ്കു ഭൂമിയും കോഴിശ്ശേരി മനയുടെ അധീനതയിലായിരുന്നു.
ഒരു കാലത്ത് ഷൊർണൂരിലെ മുക്കാൽ പങ്കു ഭൂമിയും കോഴിശ്ശേരി മനയുടെ അധീനതയിലായിരുന്നു.
250 വർഷത്തിലേറെ പഴക്കമുള്ള കോഴിശ്ശേരി മനയെക്കുറിച്ച്
ഷൊർണുർ റെയിൽവേ സ്റ്റേഷനു കേരള ഭൂമി ശാസ്ത്രത്തിൽ വലിയ പങ്കുണ്ട്. കേരളത്തിൻറെ ഇരു ഭാഗങ്ങളിലേക്കും കൂകിപ്പായുന്ന തീവണ്ടികൾക്കു ഷൊർണൂർ സ്റ്റേഷൻ തൊടാതെ പോകാനാവില്ല. കേരള റയിൽപാതയുടെ മധ്യഭാഗമെന്നു നമുക്കു ഷൊർണൂരിനെ വിളിക്കാം. ഇവിടെ നിന്നു നിളയുടെ ആഴപ്പരപ്പിലെ കാഴ്ച്ചകൾ ഒപ്പി വണ്ടി യാത്ര തുടരുന്നു, മംഗലാപുരത്തേക്ക്. ഇനി തലസ്ഥാനത്തേക്കായാലും പൂരങ്ങളുടെ നാടിനെ തൊട്ട്, വണ്ടി വേഗം കൂട്ടുന്നു.
ഇനി ഷൊർണൂർ ആശുപത്രിയിലേക്കു ക്യാമറ ഫോക്കസ് ചെയാം. ആതുര സേവനത്തിന്റെ മറ്റൊരു ഗവൺമെന്റ് മുഖം. രോഗികൾക്ക് എന്നും അനുഗ്രഹമാകുന്ന സ്ഥാപനം. നിരന്നു നിൽക്കുന്ന ആറു പ്ലാറ്റ്‌ഫോമുകളും കഴിഞ്ഞ് ഒറ്റപ്പാളത്തിലൂടെ വണ്ടി മുന്നോട്ടു പോകുന്നതിനിടയിൽ നമുക്കു നിളയുടെ തീരത്തെ ഗവൺമെന്റ് ശ്‌മശാനത്തിലേക്കു കൂടി കണ്ണോടിക്കാം.
മൂന്നു ഗവൺമെന്റ് സംരംഭങ്ങൾ. ഇവയും ഷൊർണൂർ സ്‌റ്റേഷനരികെ തലയുയർത്തി നിൽക്കുന്ന കോഴിശ്ശേരി മനയും തമ്മിലുള്ള ബന്ധം ? നെറ്റിയിൽ സംശയത്തിൻറെ ചുളിവുകൾ പടരുന്നതിനു മുമ്പ് അൽപ്പം ചരിത്രം പഠിക്കാം. പണ്ട് ..
ഓർമ്മകളിലെ തീവണ്ടിയിരമ്പം
പണ്ട്, ഷൊർണൂർ മുക്കാലും കോഴിശ്ശേരി മനയുടെ അധീനതയിലായിരുന്നു. ഉരളാശേരി, എടവന, കോഴിശ്ശേരി എന്നീ മൂന്ന് കുടുംബങ്ങൾ ചേർന്നതായിരുന്നു മന. പിന്നീടു മറ്റുള്ളവ വിട്ടകന്നു കോഴിശ്ശേരി മാത്രമായി ഷൊർണൂരിൽ. റയിൽപാതയും ആശുപത്രിയും ശ്‌മശാനവും ആവശ്യമായപ്പോൾ കുറഞ്ഞ പണത്തിന് അളന്നെടുത്തോളാൻ അന്നത്തെ കാരണവർ സമ്മതിക്കുകയായിരുന്നു. അങ്ങനെ ഷൊർണൂർ സ്റ്റേഷനായി, ആശുപത്രിയായി, ശ്‌മശാനമായി. മാറ്റങ്ങൾക്കൊപ്പം മുന്നിൽ നടന്നെങ്കിലും മന മാത്രം 250 വർഷത്തിലേറെ നീളുന്ന പ്രൗഢിയുമായി മാറ്റങ്ങളൊന്നുമില്ലാതെ നിൽക്കുന്നു. കാലങ്ങളെ ഇനിയും തുഴഞ്ഞു നീങ്ങാൻ. പിന്നെ വീണ്ടും ഓർമകളിൽ തീവണ്ടിയിരമ്പം നിറക്കാനും.
ഉത്സവമേളത്തിനു ചുക്കാൻ പിടിച്ച്
വരാന്തയിൽ വുഡൻ ഫ്ളോറിങ്ങും ചാരുകസേരകളും പഴമയുടെ പ്രൗഢി വിളിച്ചോതുന്നു.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആ പഴയ മനക്ക് ഇന്നും മാറ്റങ്ങൾ അധികമൊന്നുമില്ല. ഇടയ്ക്ക് ഒരു വർഷം മുമ്പു ചില നവീകരണങ്ങൾ വരുത്തിയെങ്കിലും മനയുടെ മൂലാകൃതിക്കു മാറ്റമൊന്നും വരുത്തിയിട്ടില്ല. മൊത്തം അഞ്ചേക്കറിലാണു മനയും പറമ്പും നിൽക്കുന്നത്. മനയോടു ചേർന്ന്, പറമ്പിനൊരു വശത്തായി നീലത്താമര വിരിഞ്ഞു നിൽക്കുന്ന കുളവും കുളപ്പുരയും വരുന്നു.
ഇടയ്ക്ക് പുതുക്കി പണിതപ്പോൾ നിലത്തെ വുഡ് ഫ്ലോറിങ്ങിനരികിലായി തൂണുകൾക്കൊപ്പം ഇരിപ്പിടം കൂടി ഒരുക്കിയിരിക്കുന്നതു കാണാം, വരാന്തയിൽ. ഇത് ഷുറാക്കെന്ന ആധുനിക ഡിസൈൻ തന്ത്രജ്ഞതയുടെ ഭാവവും പേറുന്നു. അകത്തേക്കുള്ള വാതിൽ പക്ഷെ, പഴയ മട്ടിൽ ഉള്ളതാണ്. അലങ്കാരമായി പിച്ചളതകിടുകൾ വാതിൽത്തടിയിൽ വരുന്നു. ഇതിനടുത്തായി, വാതിലിനിരുവശവുമുള്ള രണ്ടു ചാരുകസേരകളും ഒരു പ്രതീകമാണ്. മുമ്പ് ഒരു കാലത്ത്, കുംഭമാസത്തെ ഭരണി നാളിൽ കൊഴുക്കോട്ട് കാവിലെ തകർത്തു പെയ്യുന്ന ഉത്സവമേളത്തിനു ചുക്കാൻ പിടിക്കുന്ന തറവാട്ടുകാരണവന്മാരുടെ പ്രൗഢിയുടെ ഇരിപ്പിടം.
'' ഇപ്പോൾ പഴയ പോലെ ഉത്സവോം ന്നും ല്ല്യ. വൃശ്ചികം ഒന്നിനുള്ള ഒരു നിറമാലയും പരദേവതക്കുള്ള വേട്ടൈക്കരൻ പാട്ടും മാത്രമായി എല്ലാം ഒതുങ്ങി..'' കൊഴുക്കോട്ട് കാവിലെ ഇന്നത്തെ പൂജാരിയും തറവാട്ടിലെ അമരക്കാരിലൊരാളുമായ സുബ്രമണ്യൻ നമ്പൂതിരിപ്പാട് ഗൃഹാതുരതകളിൽ പരതുന്നു.
ചരിതം, അകക്കണ്ണു തുറന്ന്
വരാന്തയിൽ നിന്ന് അകത്തേക്കുള്ള മുറികളിലേക്കു കടക്കുമ്പോൾ ബഹുമാനപൂർവമായാലും സ്വസ്വരക്ഷിതത്തിനായാലും അൽപ്പം കുനിയുന്നതു നന്ന്. ഇല്ലെങ്കിലും ആറാടിയിൽ കുറഞ്ഞ പഴയകാല വാതിലുകൾ നിങ്ങളെ കുനിയിക്കും. മുകളിലും താഴെയുമായി അഞ്ച് ബെഡ്‌റൂമുകളാണ് ഇവിടെ. അഞ്ചും ഏറെയൊന്നും മാറ്റം വരാതെ തന്നെ നിലനിർത്തിയിട്ടുണ്ട്. ഇതിലൊരു ബെഡ്‌റൂമിൽ വാതിലിനേക്കാൾ വലിപ്പമുള്ള ഭരണി എങ്ങനെ ഈ മുറിയിലെത്തിച്ചുവെന്നതു നിങ്ങളെ അത്ഭുതപ്പെടുത്തും. മനയോടൊപ്പം ഈ മുറിയിൽ വെച്ചു തന്നെ പണിതതാവം ഇത്. ഇതിനും ഒരുപക്ഷേ, 200 കൊല്ലത്തെ ചരിത്രം അവകാശപ്പെടാനുണ്ടാവാം.
നടുമുറ്റത്തിനു ചുറ്റുമുള്ള തൂണുകളാണ് ഇവിടുത്തെ ആകർഷണത്തിന്റെ മറ്റൊരു മുഖം.
ലളിതമായ ഫർണിച്ചറാണ് ഇവിടുള്ളത്. ആഡംബരത്തിന്റെ ആടയാഭരണങ്ങൾ അധികമൊന്നും ചാർത്താത്ത മുറികൾക്ക് അനുപൂരകങ്ങളായവ. നടുമുറ്റം വേണ്ടത്ര ശ്രദ്ധിക്കാത്തതിനാൽ പുല്ലു പിടിച്ചു കിടക്കുന്നു. ചുറ്റുമുള്ള തൂണുകളാണ് ഇവയുടെ ആകർഷണം ചോരാതെ നിർത്തുന്നത്. അടുക്കളയിൽ തൂക്കിയിട്ട മത്തങ്ങ കേടുപിടിക്കാതിരിക്കാൻ മാത്രമല്ല, പഴയ കാർഷികപെരുമയുടെ ചിഹ്നം കൂടിയാണ്. ഗോവണിയിലെ പാമ്പിന്റെ മുഖമുള്ള കൈവരിയും മുറികളിലൊന്നിൽ നിറഞ്ഞിരിക്കുന്ന ഉരുളികളും പാത്രങ്ങളും പൊയ്‌പോയ ഇന്നലെകളിലെ ആഢ്യത്വത്തിന്റെ പ്രതീകങ്ങൾ കൂടിയാണ്. സമീപത്തെ ഏതു വീടുകളിൽ വിശേഷമുണ്ടായാലും സദ്യയൊരുക്കാൻ ഈ ഉരുളികൾ തന്നെ വേണം. സഹോദരങ്ങളായ നാരായണനും സുബ്രഹ്മണ്യനുമാണ് ഇവിടെ ഇപ്പോൾ കുടുംബസമേതം താമസം.
നാട് കടപ്പെടുന്നു
കുളപ്പുരയാണു മറ്റൊരു കെട്ടിടം. പത്തായപ്പുര നേരത്തെ പൊളിച്ചു മാറ്റി. കുളത്തിൽ വിരിഞ്ഞു നിൽക്കുന്ന നീലത്താമരയുടെ ഭംഗി ആസ്വദിക്കുന്നതിനിടയിൽ ഷൊർണൂർ സ്റ്റേഷനലിൽ എത്താൻ പോകുന്ന തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസിന്റെ അനൗൺസ്‌മെന്റ് കേൾക്കാം. കൂകി വരുന്ന വണ്ടിയിലെ യാത്രക്കാർക്കറിയാമോ പഴയ കഥകൾ ?
കൃതജ്ഞത - വനിത - വീട് - 2010 മാർച്ച്
9656106625
No comments:
Post a Comment