Sunday, 26 February 2017

ARYANKAV POORAM KAVALAPPARA


ആര്യങ്കാവ് പൂരം കവളപ്പാറ 


1970 മുതല്‍ ക്ഷേത്രത്തില്‍ പൂരം നടത്തുന്നത് ജനകീയ കമ്മിറ്റിയാണ്. കവളപ്പാറ സ്വരൂപത്തിന്റെ പരദേവതയായ ആര്യങ്കാവിലമ്മയുടെ പൂരം 96 ദേശത്തിലായി വ്യാപിച്ചു കിടക്കുന്നതാണ്. തെക്ക് ഭാരതപ്പുഴ മുതല്‍ വടക്ക് മുണ്ടക്കോട്ടുകുറുശ്ശി വരെയും കിഴക്ക് കണ്ണിയംപുറം തോട് മുതല്‍ പടിഞ്ഞാറ് ഓങ്ങല്ലൂര്‍ തോടുവരെയുള്ളതാണ് 96 ദേശം. ആനകള്‍ക്ക് പകരം പൊയ്കുതിരകള്‍ അണിനിരക്കുന്ന വള്ളുവനാട്ടിലെ പൂരപ്പെരുമയുള്ള ക്ഷേത്രങ്ങളിലൊന്നാണ് കവളപ്പാറ ആര്യങ്കാവ്.

തൊണ്ണൂറ്റിയാറ് ദേശങ്ങളുടെ പൂരം എന്നറിയപ്പെടുന്ന ആരിയങ്കാവ് പൂരം എല്ലാവർഷവും മീനമാസം 21-ആം തിയ്യതി പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ ഷൊറണൂരിനടുത്തുള്ള കവളപ്പാറ ആരിയങ്കാവ് ഭഗവതിക്ഷേത്രത്തിൽ നടന്നുവരുന്നു. കവളപ്പാറ, ചെറുകാട്ടുപുലം, കൂനത്തറ വടക്കുംമുറി, കൂനത്തറ തെക്കുംമുറി, ത്രാങ്ങാലി, മാന്നന്നൂർ, ചുഡുവാലത്തൂർ, ഷൊറണൂർ, നെടുങ്ങോട്ടൂർ, പനയൂർ, കള്ളേക്കാട് എന്നീ തട്ടകങ്ങളിൽനിന്ന് ആർപ്പുവിളികളുമായി പൊയ്ക്കുതിരകളേയും കൊണ്ട് തട്ടകദേശക്കാർ പൂരത്തിൽ പങ്കാളികളാവുന്നു. ഇവരുടെ കുതിരക്കളി കഴിഞ്ഞതിനുശേഷം താലപ്പൊലി, മേളം, കോമരങ്ങൾ എന്നിവയുടെ അകമ്പടിയോടെ കാരക്കാട് ദേശത്തിന്റെ മുണ്ടായ കൊടിച്ചി എന്ന പെൺകുതിരയെ ക്ഷേത്രാങ്കണത്തിലേക്ക് ആനയിക്കുന്നു.

മുണ്ടായ കൊടിച്ചി ക്ഷേത്രമുറ്റത്തെത്തി കളിച്ചിറങ്ങിയതിനുശേഷം തട്ടകദേശങ്ങളിലെ ഹരിജനങ്ങളുടെ പൂതൻ, തിറ, വെള്ളാട്ട്, ഇണക്കാളകൾ എന്നിവ ഭഗവതിയെ തൊഴുതിറങ്ങുന്നു. തുടർന്ന് ചെറിയ വെടിക്കെട്ടോടെ പകൽ്പ്പൂരം സമാപിക്കുന്നു. സാധാരണ വേലപൂരങ്ങളിലേതുപോലെ ആനയെഴുന്നള്ളിപ്പ് ഇവിടെയില്ല എന്നത് ശ്രദ്ധേയമാണ്. രാത്രിയിൽ ക്ഷേത്രമുറ്റത്ത് വിവിധ കലാസാംസ്കാരിക പരിപാടികൾ, കൂത്തുമാടത്തിൽ ശ്രീരാമപട്ടാഭിഷേകം തോല്പ്പാവക്കൂത്ത് എന്നിവ അരങ്ങേറുന്നു.


പ്രസാദ് കെ ഷൊർണുർ


Sunday, 19 February 2017

ARYANKAV KSHETHRAM SHORANUR


ആര്യങ്കാവ് ക്ഷേത്രം ഷൊർണുർ


നൂറ്റാണ്ടുകള്‍ക്കുമുമ്പ് കൊല്ലം ജില്ലയിലെ ആര്യങ്കാവ് ചുരവുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം. ഭക്തന്റെ പ്രാര്‍ഥനയ്‌ക്കൊപ്പം കൂടെവന്ന ദേവിയാണ് കവളപ്പാറയിലെ ആര്യങ്കാവിലമ്മയെന്നാണ് വിശ്വാസം. മിഥുനമാസത്തിലെ ഉത്രട്ടാതിനാളിലാണ് പ്രതിഷ്ഠാദിനം. കവളപ്പാറ സ്വരൂപത്തിന്റെ കീഴിലായിരുന്നു ക്ഷേത്രം. 1964 മുതല്‍ അവകാശം സംബന്ധിച്ച് കേസ് വന്നതോടെ നിലവില്‍ റിസീവര്‍ക്ക് കീഴിലാണ് ക്ഷേത്രഭരണം. അഡ്വ. കെ.പി. മോഹന്‍കുമാറാണ് റിസീവര്‍. 

കന്നിമാസത്തിലെ അവസാനത്തെ കൊടിയാഴ്ചയാണ് ക്ഷേത്രതാലപ്പൊലി. ദാരികവധംപാട്ടാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. നിത്യേന ദാരികവധംപാട്ട് നടത്തുന്ന കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളിലൊന്നാണ് ആര്യങ്കാവ് ക്ഷേത്രം. കല്ലൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി. കര്‍ണാടക സ്വദേശി ഗോപാലകൃഷ്ണ ഭട്ടാണ് മേല്‍ശാന്തി. മീനം ഒന്നുമുതല്‍ 21 വരെയാണ് ക്ഷേത്രത്തിലെ പൂരം.

പൂരകാലത്ത് ശ്രീരാമജനനം മുതല്‍ പട്ടാഭിഷേകംവരെ പൂര്‍ണരാമായണം തോല്പാവക്കൂത്ത് നടത്തും. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആദ്യമായി തോല്പാവക്കൂത്ത് ആരംഭിച്ചതും ഇവിടെയാണെന്ന് വിശ്വാസമുണ്ട്. 382-ാമത്തെ കൊല്ലമാണ് ഇവിടെ തോല്പാവക്കൂത്ത് അരങ്ങേറുന്നതെന്ന് പറയുന്നു.1970 മുതല്‍ ക്ഷേത്രത്തില്‍ പൂരം നടത്തുന്നത് ജനകീയ കമ്മിറ്റിയാണ്. കവളപ്പാറ സ്വരൂപത്തിന്റെ പരദേവതയായ ആര്യങ്കാവിലമ്മയുടെ പൂരം 96 ദേശത്തിലായി വ്യാപിച്ചു കിടക്കുന്നതാണ്. തെക്ക് ഭാരതപ്പുഴ മുതല്‍ വടക്ക് മുണ്ടക്കോട്ടുകുറുശ്ശി വരെയും കിഴക്ക് കണ്ണിയംപുറം തോട് മുതല്‍ പടിഞ്ഞാറ്് ഓങ്ങല്ലൂര്‍ തോടുവരെയുള്ളതാണ് 96 ദേശം.

ആനകള്‍ക്ക് പകരം പൊയ്കുതിരകള്‍ അണിനിരക്കുന്ന വള്ളുവനാട്ടിലെ പൂരപ്പെരുമയുള്ള ക്ഷേത്രങ്ങളിലൊന്നാണ് കവളപ്പാറ ആര്യങ്കാവ്. കുളപ്പുള്ളി-പാലക്കാട് സംസ്ഥാന പാതയില്‍ കൂനത്തറയില്‍ നിന്ന് തെക്കുമാറി ഒരു കിലോമീറ്റര്‍ അല്ലെങ്കില്‍ ഷൊറണൂര്‍ ജങ്ഷനില്‍ നിന്ന് പൊതുവാള്‍ ജങ്ഷനിലെത്തി കിഴക്ക് 5 കി.മീ. വഴിയും ക്ഷേത്രത്തിലെത്താം.


പ്രസാദ് കെ ഷൊർണുർ


Monday, 13 February 2017

KAVALAPPARA THE SWAROOPAM


കവളപ്പാറ എന്ന സ്വരൂപം 


ഐതിഹ്യമനുസരിച്ച് പറയിപെറ്റ പന്തിരുകുല കഥയിലെ ഏക  പെണ്‍സന്തതിയായ കാരയ്ക്കല്‍ മാതാവിന്റെ വംശപരമ്പരയുമാണ് കവളപ്പാറ സ്വരൂപം. ചേരകാല മലയാളക്കരയിലെ പതിനെട്ടു നാടുകളിലൊന്നായ പ്രാചീന നെടുങ്ങനാടിന്റെ കീഴിലെ പ്രബലനായ നായര്‍ പ്രഭുവായിരുന്നു കവളപ്പാറ മൂപ്പില്‍നായര്‍. കേരള ചരിത്രത്തിലെ സമാനതകളില്ലാത്തൊരു രാജവംശമായിരുന്നു കവളപ്പാറ മൂപ്പില്‍ നായരുടേത്. നെടുങ്ങനാട്ടിലെ മറ്റുനായര്‍ പ്രഭുക്കളില്‍ ഏറ്റവും സമ്പന്നനായിരുന്നു കവളപ്പാറ മൂപ്പില്‍ നായര്‍.

ഒരു ദേശവാഴിക്കുവേണ്ട സകല സ്ഥാന ചിഹ്നങ്ങളും മൂപ്പില്‍ നായര്‍ക്കുണ്ടായിരുന്നു.   ' ഒന്നു കുറെ ആയിരത്തില്‍ ' എന്ന പദവിയുമുണ്ടായിരുന്നു എന്നും കാണുന്നു. ചരിത്ര പ്രസിദ്ധമായ കവളപ്പാറ അന്തിമഹാകാളന്‍ കോട്ടയില്‍ ആയിരത്തില്‍ ഒന്നു കുറവ് (999) നായര്‍ പടയാളികള്‍ എന്നും കാവലുണ്ടായിരുന്നതിലാണത്രെ  ഈ പദവി കൈവന്നത്.

ഒറ്റപ്പാലം കണ്ണിയാമ്പുറം തോടുതൊട്ട് പട്ടാമ്പി ഓങ്ങല്ലൂര്‍ മാടുവരെ തൊണ്ണൂറ്റിയാറ് ദേശങ്ങളിലായി മൂപ്പില്‍ നായരുടെ ദേശസാമ്രാജ്യം വ്യാപിച്ചുകിടന്നു. ആധുനിക കവളപ്പാറയുടെ ശില്പിയായി അറിയപ്പെടുന്ന കേണല്‍ അപ്പുക്കുട്ടനുണ്ണി നായരുടെ കാലം വരെ (1910-1925) കവളപ്പാറ സ്വരൂപം സകലപ്രതാപത്തോടും കൂടി നെടുങ്ങനാടിന്റെ നിളാതീരം വരെ അടക്കിവാണു.

തെക്കേമലബാറിലൊരിടത്തും വൈദ്യുതിയെത്തിയിട്ടില്ലാത്ത കാലത്ത്  ബ്രിട്ടീഷുകാരുടെ പ്രത്യേകാനുമതിയോടുകൂടി ഇറക്കുമതി ചെയ്ത നാല് ജനറേറ്റര്‍ സ്ഥാപിച്ച്  കൊട്ടാര പരിസരമൊന്നാകെ രാവുപക ലാക്കി മാറ്റിയിരുന്നുവത്രെ കേണല്‍ മൂപ്പില്‍ നായര്‍. വിദേശികള്‍ക്കുവേണ്ടി പ്രത്യേകം പണിതീര്‍ത്ത അഷ്ടകോണ്‍ അതിഥിമന്ദിരം ചിത്രശില്പ വിസ്മയങ്ങള്‍ നിറഞ്ഞ് ഇന്ദ്രസഭാ സമാനമായിരുന്നു.


പ്രസാദ്  കെ ഷൊർണൂർ 


Sunday, 5 February 2017

VALLUVANAD ONE NAATTURAJYAM


വള്ളുവനാട് ഒരു നാട്ടുരാജ്യം


കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് വള്ളുവനാട്. രണ്ടാം ചേരസാമ്രാജ്യത്തോളം തന്നെ ചരിത്രമുള്ള വള്ളുവനാടിന് വല്ലഭക്ഷോണീ എന്ന സംസ്കൃത നാമമുണ്ട്. പത്താം ശതകത്തിൽ ജീവിച്ചിരുന്ന രാജശേഖരനാണ് ഈ വംശത്തിന്റെ സ്ഥാപകൻ. വള്ളുവനാടിന്റെ ആദ്യ തലസ്ഥാനം വള്ളുവനഗരം (ഇന്നത്തെ അങ്ങാടിപ്പുറം) ആയിരുന്നു. വള്ളുവനാട്ടുരാജാവിനെ വള്ളുവക്കോനാതിരി എന്നു വിളിക്കുന്നു. ബ്രിട്ടീഷുകാർ മലബാർ കയ്യടക്കിയപ്പോൾ അന്നത്തെ എല്ലാ നാട്ടുരാജാക്കന്മാർക്കുമെന്നപോലെ വള്ളുവനാട്ടു രാജാവിനും മാലിഖാൻ ഏർപ്പെടുത്തി അധികാരങ്ങൾ ഇല്ലാതാക്കി.

സ്വാതന്ത്ര്യപൂർവ്വ മദിരാശി സംസ്ഥാനത്തിന്റെ മലബാർ ജില്ലയിൽ, പഴയ വള്ളുവനാടിന്റെ തെക്കൻ പ്രദേശങ്ങളേയും പഴയ നെടുങ്ങനാടിന്റെ   ഭാഗങ്ങളായിരുന്ന ഒറ്റപ്പാലം, ഷൊറണൂർ, ചെർപ്പുളശ്ശേരി മുതലായ ഇന്നത്തെ പട്ടണങ്ങളുടെ സമീപ പ്രദേശങ്ങളേയും ഉൾക്കൊള്ളിച്ചു കൊണ്ട് വള്ളുവനാട് എന്ന പേരിൽ ഒരു താലൂക്ക് നിലവിലുണ്ടായിരുന്നതു കൊണ്ട് ഈ പ്രദേശങ്ങൾ മുഴുവനുമായും ഇന്ന് വള്ളുവനാട് എന്ന പേരിൽ അനൗദ്യോഗികമായി അറിയപ്പെടുന്നുണ്ട്.

പാരമ്പര്യ സംസ്കൃതിയാലും, സാംസ്കാരിക പൈതൃകത്താലും കേരളത്തിന് ഒരു അലങ്കാരമായി ഇന്നും വള്ളുവനാട് നില കൊള്ളുന്നു. അറകളും നിറകളും പത്തായങ്ങളും ഉള്ള വീടുകളും, വാസ്തുശില്പിയുടെ വൈദഗ്ധ്യം ഓതുന്ന നാലുകെട്ടുകളും അവയുടെ പത്തായപ്പുരകളും പടിപ്പുരകളും ഒരുകാലത്തു വള്ളുവനാട്ടില്‍ ഏറെ തലയുയര്‍ത്തി നിന്നിരുന്നു. ആതിഥ്യ മര്യാദയിലും ഭാഷാ ശൈലിയിലും വേറിട്ടു നില്ക്കുന്നു വള്ളുവനാട്. ക്ഷേത്രങ്ങളാലും പള്ളികളാലും സമ്പന്നമായ വള്ളുവനാട് മതമൈത്രിയിലും പേരുകേട്ട നാടാണ്.

നെല്ലറയായ പാലക്കാടിന്റെ വിരിമാറിലൂടെ അറബിക്കടലിലെത്തും വരെ സംഗീതം മൂളിയും, ചിലങ്കകള്‍ കിലുക്കി നൃത്തമാടിയും ഒഴുകുന്ന നിളാ നദിയാല്‍ അലങ്കൃതമായ വള്ളുവനാട്, കൈരളിയെ സമ്പന്നമാക്കിയ മലയാളത്തിലെ പല പ്രശസ്തരായ കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും ജന്മമേകി. തമിഴ് നാട്ടിലെ ആനമലയില്‍ നിന്നും ആരംഭിച്ച് പൊന്നാനിയില്‍ അറബിക്കടലില്‍ ചേരുന്ന നിള  കേരളത്തിലെ രണ്ടാമത്തെ വലിയ നദിയാണ്. നിറഞ്ഞൊഴുകിയാലും, നീര്‍ച്ചാലായാലും നിളയുടെ തീരത്തെ സാംസ്ക്കാരിക പാരമ്പര്യം വള്ളുവനാടിന്റെ മഹത്വത്തെ വേര്‍തിരിച്ചോതുന്നു. കുഞ്ചന്റെ തുള്ളലും തുഞ്ചന്റെ കിളിക്കൊഞ്ചലും കേട്ടുണരുന്ന വള്ളുവനാട് കാര്‍ഷിക സംസ്കൃതിയുടെ ഓര്‍മ്മപ്പെടുത്തലുകളായ ക്ഷേത്രോത്സവങ്ങളും, വാദ്യഘോഷങ്ങളും കൊണ്ട് ധന്യമാണ്.


പ്രസാദ് കെ ഷൊർണുർ