Sunday, 19 February 2017

ARYANKAV KSHETHRAM SHORANUR


ആര്യങ്കാവ് ക്ഷേത്രം ഷൊർണുർ


നൂറ്റാണ്ടുകള്‍ക്കുമുമ്പ് കൊല്ലം ജില്ലയിലെ ആര്യങ്കാവ് ചുരവുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം. ഭക്തന്റെ പ്രാര്‍ഥനയ്‌ക്കൊപ്പം കൂടെവന്ന ദേവിയാണ് കവളപ്പാറയിലെ ആര്യങ്കാവിലമ്മയെന്നാണ് വിശ്വാസം. മിഥുനമാസത്തിലെ ഉത്രട്ടാതിനാളിലാണ് പ്രതിഷ്ഠാദിനം. കവളപ്പാറ സ്വരൂപത്തിന്റെ കീഴിലായിരുന്നു ക്ഷേത്രം. 1964 മുതല്‍ അവകാശം സംബന്ധിച്ച് കേസ് വന്നതോടെ നിലവില്‍ റിസീവര്‍ക്ക് കീഴിലാണ് ക്ഷേത്രഭരണം. അഡ്വ. കെ.പി. മോഹന്‍കുമാറാണ് റിസീവര്‍. 

കന്നിമാസത്തിലെ അവസാനത്തെ കൊടിയാഴ്ചയാണ് ക്ഷേത്രതാലപ്പൊലി. ദാരികവധംപാട്ടാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. നിത്യേന ദാരികവധംപാട്ട് നടത്തുന്ന കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളിലൊന്നാണ് ആര്യങ്കാവ് ക്ഷേത്രം. കല്ലൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി. കര്‍ണാടക സ്വദേശി ഗോപാലകൃഷ്ണ ഭട്ടാണ് മേല്‍ശാന്തി. മീനം ഒന്നുമുതല്‍ 21 വരെയാണ് ക്ഷേത്രത്തിലെ പൂരം.

പൂരകാലത്ത് ശ്രീരാമജനനം മുതല്‍ പട്ടാഭിഷേകംവരെ പൂര്‍ണരാമായണം തോല്പാവക്കൂത്ത് നടത്തും. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആദ്യമായി തോല്പാവക്കൂത്ത് ആരംഭിച്ചതും ഇവിടെയാണെന്ന് വിശ്വാസമുണ്ട്. 382-ാമത്തെ കൊല്ലമാണ് ഇവിടെ തോല്പാവക്കൂത്ത് അരങ്ങേറുന്നതെന്ന് പറയുന്നു.1970 മുതല്‍ ക്ഷേത്രത്തില്‍ പൂരം നടത്തുന്നത് ജനകീയ കമ്മിറ്റിയാണ്. കവളപ്പാറ സ്വരൂപത്തിന്റെ പരദേവതയായ ആര്യങ്കാവിലമ്മയുടെ പൂരം 96 ദേശത്തിലായി വ്യാപിച്ചു കിടക്കുന്നതാണ്. തെക്ക് ഭാരതപ്പുഴ മുതല്‍ വടക്ക് മുണ്ടക്കോട്ടുകുറുശ്ശി വരെയും കിഴക്ക് കണ്ണിയംപുറം തോട് മുതല്‍ പടിഞ്ഞാറ്് ഓങ്ങല്ലൂര്‍ തോടുവരെയുള്ളതാണ് 96 ദേശം.

ആനകള്‍ക്ക് പകരം പൊയ്കുതിരകള്‍ അണിനിരക്കുന്ന വള്ളുവനാട്ടിലെ പൂരപ്പെരുമയുള്ള ക്ഷേത്രങ്ങളിലൊന്നാണ് കവളപ്പാറ ആര്യങ്കാവ്. കുളപ്പുള്ളി-പാലക്കാട് സംസ്ഥാന പാതയില്‍ കൂനത്തറയില്‍ നിന്ന് തെക്കുമാറി ഒരു കിലോമീറ്റര്‍ അല്ലെങ്കില്‍ ഷൊറണൂര്‍ ജങ്ഷനില്‍ നിന്ന് പൊതുവാള്‍ ജങ്ഷനിലെത്തി കിഴക്ക് 5 കി.മീ. വഴിയും ക്ഷേത്രത്തിലെത്താം.


പ്രസാദ് കെ ഷൊർണുർ


No comments:

Post a Comment