കവളപ്പാറ എന്ന സ്വരൂപം
ഐതിഹ്യമനുസരിച്ച് പറയിപെറ്റ പന്തിരുകുല കഥയിലെ ഏക പെണ്‍സന്തതിയായ കാരയ്ക്കല്‍ മാതാവിന്റെ വംശപരമ്പരയുമാണ് കവളപ്പാറ സ്വരൂപം. ചേരകാല മലയാളക്കരയിലെ പതിനെട്ടു നാടുകളിലൊന്നായ പ്രാചീന നെടുങ്ങനാടിന്റെ കീഴിലെ പ്രബലനായ നായര്‍ പ്രഭുവായിരുന്നു കവളപ്പാറ മൂപ്പില്‍നായര്‍. കേരള ചരിത്രത്തിലെ സമാനതകളില്ലാത്തൊരു രാജവംശമായിരുന്നു കവളപ്പാറ മൂപ്പില്‍ നായരുടേത്. നെടുങ്ങനാട്ടിലെ മറ്റുനായര്‍ പ്രഭുക്കളില്‍ ഏറ്റവും സമ്പന്നനായിരുന്നു കവളപ്പാറ മൂപ്പില്‍ നായര്‍.
ഒരു ദേശവാഴിക്കുവേണ്ട സകല സ്ഥാന ചിഹ്നങ്ങളും മൂപ്പില്‍ നായര്‍ക്കുണ്ടായിരുന്നു. ' ഒന്നു കുറെ ആയിരത്തില്‍ ' എന്ന പദവിയുമുണ്ടായിരുന്നു എന്നും കാണുന്നു. ചരിത്ര പ്രസിദ്ധമായ കവളപ്പാറ അന്തിമഹാകാളന്‍ കോട്ടയില്‍ ആയിരത്തില്‍ ഒന്നു കുറവ് (999) നായര്‍ പടയാളികള്‍ എന്നും കാവലുണ്ടായിരുന്നതിലാണത്രെ ഈ പദവി കൈവന്നത്.
ഒറ്റപ്പാലം കണ്ണിയാമ്പുറം തോടുതൊട്ട് പട്ടാമ്പി ഓങ്ങല്ലൂര്‍ മാടുവരെ തൊണ്ണൂറ്റിയാറ് ദേശങ്ങളിലായി മൂപ്പില്‍ നായരുടെ ദേശസാമ്രാജ്യം വ്യാപിച്ചുകിടന്നു. ആധുനിക കവളപ്പാറയുടെ ശില്പിയായി അറിയപ്പെടുന്ന കേണല്‍ അപ്പുക്കുട്ടനുണ്ണി നായരുടെ കാലം വരെ (1910-1925) കവളപ്പാറ സ്വരൂപം സകലപ്രതാപത്തോടും കൂടി നെടുങ്ങനാടിന്റെ നിളാതീരം വരെ അടക്കിവാണു.
തെക്കേമലബാറിലൊരിടത്തും വൈദ്യുതിയെത്തിയിട്ടില്ലാത്ത കാലത്ത് ബ്രിട്ടീഷുകാരുടെ പ്രത്യേകാനുമതിയോടുകൂടി ഇറക്കുമതി ചെയ്ത നാല് ജനറേറ്റര്‍ സ്ഥാപിച്ച് കൊട്ടാര പരിസരമൊന്നാകെ രാവുപക ലാക്കി മാറ്റിയിരുന്നുവത്രെ കേണല്‍ മൂപ്പില്‍ നായര്‍. വിദേശികള്‍ക്കുവേണ്ടി പ്രത്യേകം പണിതീര്‍ത്ത അഷ്ടകോണ്‍ അതിഥിമന്ദിരം ചിത്രശില്പ വിസ്മയങ്ങള്‍ നിറഞ്ഞ് ഇന്ദ്രസഭാ സമാനമായിരുന്നു.
പ്രസാദ് കെ ഷൊർണൂർ
No comments:
Post a Comment