Sunday, 5 February 2017

VALLUVANAD ONE NAATTURAJYAM


വള്ളുവനാട് ഒരു നാട്ടുരാജ്യം


കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് വള്ളുവനാട്. രണ്ടാം ചേരസാമ്രാജ്യത്തോളം തന്നെ ചരിത്രമുള്ള വള്ളുവനാടിന് വല്ലഭക്ഷോണീ എന്ന സംസ്കൃത നാമമുണ്ട്. പത്താം ശതകത്തിൽ ജീവിച്ചിരുന്ന രാജശേഖരനാണ് ഈ വംശത്തിന്റെ സ്ഥാപകൻ. വള്ളുവനാടിന്റെ ആദ്യ തലസ്ഥാനം വള്ളുവനഗരം (ഇന്നത്തെ അങ്ങാടിപ്പുറം) ആയിരുന്നു. വള്ളുവനാട്ടുരാജാവിനെ വള്ളുവക്കോനാതിരി എന്നു വിളിക്കുന്നു. ബ്രിട്ടീഷുകാർ മലബാർ കയ്യടക്കിയപ്പോൾ അന്നത്തെ എല്ലാ നാട്ടുരാജാക്കന്മാർക്കുമെന്നപോലെ വള്ളുവനാട്ടു രാജാവിനും മാലിഖാൻ ഏർപ്പെടുത്തി അധികാരങ്ങൾ ഇല്ലാതാക്കി.

സ്വാതന്ത്ര്യപൂർവ്വ മദിരാശി സംസ്ഥാനത്തിന്റെ മലബാർ ജില്ലയിൽ, പഴയ വള്ളുവനാടിന്റെ തെക്കൻ പ്രദേശങ്ങളേയും പഴയ നെടുങ്ങനാടിന്റെ   ഭാഗങ്ങളായിരുന്ന ഒറ്റപ്പാലം, ഷൊറണൂർ, ചെർപ്പുളശ്ശേരി മുതലായ ഇന്നത്തെ പട്ടണങ്ങളുടെ സമീപ പ്രദേശങ്ങളേയും ഉൾക്കൊള്ളിച്ചു കൊണ്ട് വള്ളുവനാട് എന്ന പേരിൽ ഒരു താലൂക്ക് നിലവിലുണ്ടായിരുന്നതു കൊണ്ട് ഈ പ്രദേശങ്ങൾ മുഴുവനുമായും ഇന്ന് വള്ളുവനാട് എന്ന പേരിൽ അനൗദ്യോഗികമായി അറിയപ്പെടുന്നുണ്ട്.

പാരമ്പര്യ സംസ്കൃതിയാലും, സാംസ്കാരിക പൈതൃകത്താലും കേരളത്തിന് ഒരു അലങ്കാരമായി ഇന്നും വള്ളുവനാട് നില കൊള്ളുന്നു. അറകളും നിറകളും പത്തായങ്ങളും ഉള്ള വീടുകളും, വാസ്തുശില്പിയുടെ വൈദഗ്ധ്യം ഓതുന്ന നാലുകെട്ടുകളും അവയുടെ പത്തായപ്പുരകളും പടിപ്പുരകളും ഒരുകാലത്തു വള്ളുവനാട്ടില്‍ ഏറെ തലയുയര്‍ത്തി നിന്നിരുന്നു. ആതിഥ്യ മര്യാദയിലും ഭാഷാ ശൈലിയിലും വേറിട്ടു നില്ക്കുന്നു വള്ളുവനാട്. ക്ഷേത്രങ്ങളാലും പള്ളികളാലും സമ്പന്നമായ വള്ളുവനാട് മതമൈത്രിയിലും പേരുകേട്ട നാടാണ്.

നെല്ലറയായ പാലക്കാടിന്റെ വിരിമാറിലൂടെ അറബിക്കടലിലെത്തും വരെ സംഗീതം മൂളിയും, ചിലങ്കകള്‍ കിലുക്കി നൃത്തമാടിയും ഒഴുകുന്ന നിളാ നദിയാല്‍ അലങ്കൃതമായ വള്ളുവനാട്, കൈരളിയെ സമ്പന്നമാക്കിയ മലയാളത്തിലെ പല പ്രശസ്തരായ കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും ജന്മമേകി. തമിഴ് നാട്ടിലെ ആനമലയില്‍ നിന്നും ആരംഭിച്ച് പൊന്നാനിയില്‍ അറബിക്കടലില്‍ ചേരുന്ന നിള  കേരളത്തിലെ രണ്ടാമത്തെ വലിയ നദിയാണ്. നിറഞ്ഞൊഴുകിയാലും, നീര്‍ച്ചാലായാലും നിളയുടെ തീരത്തെ സാംസ്ക്കാരിക പാരമ്പര്യം വള്ളുവനാടിന്റെ മഹത്വത്തെ വേര്‍തിരിച്ചോതുന്നു. കുഞ്ചന്റെ തുള്ളലും തുഞ്ചന്റെ കിളിക്കൊഞ്ചലും കേട്ടുണരുന്ന വള്ളുവനാട് കാര്‍ഷിക സംസ്കൃതിയുടെ ഓര്‍മ്മപ്പെടുത്തലുകളായ ക്ഷേത്രോത്സവങ്ങളും, വാദ്യഘോഷങ്ങളും കൊണ്ട് ധന്യമാണ്.


പ്രസാദ് കെ ഷൊർണുർ


No comments:

Post a Comment