Saturday, 1 April 2017

ARYANKAV KUTHIRAKALI DIVASAM


ആരിയങ്കാവ് കുതിരകളി ദിവസം 


വെൺനിലാവിൽ പെയ്തിറങ്ങുന്ന കുതിരകോലങ്ങൾ

മീനം 20 ന് കുതിരകളിയാണ്. ഒരു രാത്രി പൂരം തന്നെയാണ്. സന്ധ്യക്ക്‌ 7 മണി മുതൽ രാത്രി 3 മണിവരെ ഇത്  തുടരും. ത്രാങ്ങാലി ദേശത്ത് നിന്നുള്ള കുതിരകളുടെ വരവോടെ കുതിരകളി തുടങ്ങും. തുടർന്ന് മാന്നന്നൂർ, വെള്ളിയാട്, കവളപ്പാറ - കളേളക്കാട്, ചുടുവാലത്തൂർ, നെടുങ്ങോട്ടൂർ, ഷൊർണുർ, പനയൂർ എന്നീ ദേശങ്ങളിൽ നിന്ന് പഞ്ചവാദ്യം, തകിൽ, ശിങ്കാരി മേളം തുടങ്ങിയ വാദ്യങ്ങളും കുംഭംകളി, പൂക്കാവടി എന്നിവയുടെയും അകമ്പടിയോടെ ആകർഷകമായ വർണ്ണ കുതിരകൾ കാവിലിറക്കുന്നതു കാണാൻ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിനാളുകൾ ക്ഷേത്രത്തിൽ തടിച്ചു കൂടാറുണ്ട്.

പൂരത്തേക്കാൾ ഗംഭീരമായ രാത്രി പൂരമാണ് ഈ  പൊയ് കുതിരകളിയെന്നു പറഞ്ഞാൽ അതിശയോക്തിയില്ല. വിവിധ ദേവി ദേവന്മാരെ മാറിലേറ്റി ക്ഷേത്ര തിരുമുറ്റത്ത് നിരന്നിരിക്കുന്ന കുതിരകളെ ഒന്നിച്ചു കണ്ടാൽ നാം ഒരു ദേവലോകത്താണോ നിൽക്കുന്നത് എന്ന പ്രതീതിയിലാകും. നാടിൻറെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി ജോലിക്കു പോയിട്ടുള്ളവർ മുക്കാൽ ഭാഗവും കുതിരകളി ദിവസം തന്നെ തങ്ങളുടെ വീടുകളിലെത്തി കുടുംബാംഗങ്ങളോടൊത്തുചേരുക പതിവാണ്. ആരിയങ്കാവിലെ കുതിരകളിയും നെന്മാറ വല്ലങ്ങി വേലയും മിക്കവാറും ഒരേ ദിവസങ്ങളിലായിരിക്കും നടക്കുക.

പ്രസാദ് കെ ഷൊർണൂർ


No comments:

Post a Comment