Friday, 31 March 2017

ARIYANKAV POORAM ANJAMVELA


ആരിയങ്കാവ് പൂരം അഞ്ചാംവേല



ഷൊറണൂര്‍: കവളപ്പാറ ആരിയങ്കാവില്‍ അഞ്ചാം വേല പൂരത്തിന് അഞ്ചു നാൾ മുമ്പ് നടക്കും. രാത്രി അഞ്ച് ദേശങ്ങളില്‍ നിന്നുള്ള വേലകള്‍ ക്ഷേത്രത്തിലെത്തുന്ന ചടങ്ങാണ് നടക്കുക. മുണ്ടായ, കാരക്കാട്, കൂനത്തറ, ത്രാങ്ങാലി, കയിലിയാട് എന്നീ ദേശങ്ങളില്‍ നിന്ന് വേലകളെത്തും. രാത്രി 10 ഓടെ എത്തുന്ന വേലകളില്‍ പഞ്ചവാദ്യം, മേളം, നാദസ്വരം, തകില്‍ എന്നീ വാദ്യഘോഷങ്ങളാണുണ്ടാവുക. അഞ്ചാം വേലയോടനുബന്ധിച്ച് അതത് ദേശങ്ങളില്‍ പ്രത്യേക പരിപാടികളും നടക്കും. 

കയിലിയാട്ടു നിന്നുള്ള വേലയാണ് ആദ്യം ക്ഷേത്രത്തിലെത്തുക. ഇതിനുശേഷം മറ്റ് വേലകള്‍ ഓരോന്നായി ക്ഷേത്രാങ്കണത്തിലേക്ക് പ്രവേശിക്കും. ക്ഷേത്രത്തില്‍ ചിന്തുപാട്ട്, പഞ്ചതായമ്പക എന്നീ പരിപാടികളും നടക്കും. അഞ്ചാം വേലയ്ക്കു ശേഷം വരുന്ന ദിവസങ്ങളില്‍ പൂരം വിളിച്ചറിയിച്ച് പൂതന്‍, കുമ്മാട്ടി, വെള്ളാട്ട്, നായാടി എന്നിവ വീടുകളില്‍ കയറിയിറങ്ങും. 96 ദേശങ്ങളിലാണ് പൂരം ആഘോഷിക്കുന്നതെന്നാണ് വിശ്വാസം.


പ്രസാദ് കെ ഷൊർണുർ


Wednesday, 29 March 2017

ARIYANKAV POORAM KODIYETTAM


ആരിയങ്കാവ് പൂരം കൊടിയേറ്റം


മീനം പതിനഞ്ചിന് വൈകുനേരം അഞ്ചു മണിക്ക് വാദ്യമേളങ്ങളും കതിന വെടികളുമായി ഭക്തസാഗരത്തിൽ പൂരം കൊടിയേറും. പൂരം കൊടിയേറ്റുന്നതിനുള്ള അവകാശം ഇന്ന് മാരിയിൽ ഭാസ്‌ക്കരൻ നായർക്കാണ്. ഇതോടെ ദേശങ്ങൾ പൂര ലഹരിയിലാകും.


പ്രസാദ് കെ ഷൊർണുർ


Sunday, 26 March 2017

ARIYANKAV 96 DESHANGAL


 ആരിയങ്കാവ് 96 ദേശങ്ങൾ 



തൊണ്ണൂറ്റിയാറു ദേശങ്ങൾ ഉൾക്കൊണ്ടതായിരുന്നു കവളപ്പാറ തട്ടകമെന്ന് പറയുന്നു. എന്നാൽ ഏതൊക്കെയാണ് ഈ ദേശങ്ങളെന്നു മുഴുവനായി പറയാൻ പ്രയാസമാണ്. കണ്ണിയംപുറം തോട് തൊട്ട് ഓങ്ങല്ലൂർ മാട് വരെയും, മുണ്ടക്കോട്ടുകുറിശ്ശി തൊട്ട് ഭാരതപുഴയോരം വരെയും കണക്കാക്കിയാൽ, ഒരു ഏഴോ എട്ടോ ചതുരശ്ര നാഴികക്കകത്ത് മുപ്പതോളം ദേശങ്ങളേയുള്ളൂ. ഒരു പക്ഷേ ബ്രിട്ടീഷുകാർ എ ഡി 1891 കാലത്തു നടത്തിയ ദേശ പുനഃസംഘടനയിൽപ്പെട്ട് ചില ചെറു ദേശങ്ങൾ ഇല്ലാതായതുമാകാം.

തൊണ്ണൂറ്റിയാറു ദേശങ്ങളെക്കുറിച്ചുള്ള സങ്കൽപ്പം ഒരു വിശുദ്ധ തടക്കമെന്നതാകാനാണ് സാദ്ധ്യത. കൊടുങ്ങല്ലൂരിലും തട്ടക ദേശങ്ങൾ തൊണ്ണൂറ്റിയാറാണെന്ന് പറയുന്നു. ഏതായാലും ആരിയങ്കാവിലേക്കുള്ള കുതിര വരവിന്റെ പ്രദേശ വിസ്തൃതി നോക്കിയാൽ; ഒറ്റപ്പാലം തൊട്ട് പട്ടാമ്പിക്കടുത്ത് ഓങ്ങല്ലൂർ വരെയും, കയിലിയാട്ട് കാവിൽ നിന്നും വരുന്ന കുതിരയും അടക്കം മുപ്പത്തിനടുത്ത ദേശങ്ങളേയുള്ളു.

പിന്നെ മേലാർക്കോടിലെയും, പുതിയങ്കം, കാട്ടുശ്ശേരി പ്രദേശങ്ങളും, പഴമ്പാലക്കോടു ഭാഗത്തെ ദേശങ്ങളും ഇതിൽ ഉൾപ്പെടുത്തിയാൽ കവളപ്പാറ നായർക്ക് തൊണ്ണൂറ്റിയാറു ദേശങ്ങൾ തികയ്ക്കാം. പക്ഷേ അതൊന്നും ആരിയങ്കാവു തട്ടകത്തിന്റെ ഭാഗമായി ഗണിക്കാൻ സാധ്യമല്ല. 


പടക്ക് ശേഷം പടയാളികൾ തങ്ങളുടെ ദേശത്തെ പ്രധാന ക്ഷേത്രത്തിൽ ഒത്തു ചേർന്ന് കുതിരകളെ മേയുവാൻ വിട്ടിരുന്നതിൻറെ ഓർമ്മ പുതുക്കലത്രെ ആര്യങ്കാവ് പൂരത്തിലെ കുതിരകൾ.


പ്രസാദ് കെ ഷൊർണുർ 


Tuesday, 21 March 2017

ARIYANKAVIL 21 DIVASAM


ആരിയങ്കാവിൽ 21 ദിവസം


തോൽ പാവ കൂത്ത്

വള്ളുവനാട്ടിലെ പ്രസിദ്ധമായ കവളപ്പാറ സ്വരൂപത്തിൻ കീഴിലുള്ള ആരിയങ്കാവിൽ പൂരാഘോഷങ്ങൾ എല്ലാ വർഷവും മീനം 1 മുതൽ 21 വരെയാണ് നടന്നു വരുന്നത്. ഇക്കാലത്ത് ദിവസവും കളമെഴുതിപ്പാട്ടും കലാപരിപാടികളും കൂത്തും ഭക്തരുടെ വഴിപാടായി ഉണ്ടായിരിക്കുന്നതാണ്. നിറമാല കഴിഞ്ഞാൽ രാമായണം കഥ ശ്രീരാമൻറെ ജനനം മുതൽ രാവണവധം കഴിഞ്ഞ് ശ്രീരാമപട്ടാഭിഷേകം വരെയുള്ള കഥകൾ തോപ്പാവക്കൂത്തിലൂടെ കൂത്തുമാടത്തിൽ നടക്കും. രാമായണം കഥ പൂർണ്ണമായും തോൽപ്പാവക്കൂത്തിലൂടെ അവതരിപ്പിക്കുന്ന കേരളത്തിലെ ഏക ദേവീക്ഷേത്രം ആരിയങ്കാവാകുന്നു. 

കവളപ്പാറ ആരിയങ്കാവ്‌ കൂത്തുമാടത്തിൽ നടക്കുന്ന ഇരുപ്പത്തിയൊന്ന് ദിവസത്തെ  രാമായണം തോൽപ്പാവക്കൂത്തിൽ ഓരോ ദിവസവും അവതരിപ്പിക്കുന്ന കഥകൾ താഴെ കാണുന്നവയാണ്.

1.  ശ്രീരാമാവതാരം 

2.  യാഗരക്ഷ, വിദ്യാഭ്യാസം 

3.  സീതാകല്യാണം 

4.  പട്ടാഭിഷേക വിഘ്‌നം 

5.  ഭരതൻറെ പുറപ്പാട് 

6.  ജടായുദർശനം

7.  ശൂർപ്പണക നാസിക ഛേദനം 

8.  ഖരവധം 

9.  സീതാപഹരണം 

10. ജടായു, ശബരി, കബന്ധ, മോക്ഷം 

11. ബാലി - സുഗ്രീവ യുദ്ധം 

12. സുഗ്രീവ രാജനീതി  

13. ലങ്കാദഹനം 

14. വിഭീഷണോപദേശം 

15. സേതുബന്ധനം 

16. കുംഭകർണ്ണവധം

17. അതികായവധം 

18. ഗരുഡപരുന്ത് 

19. ഇന്ദ്രജിത്ത് വധം 

20. രാവണവധം 

21. ശ്രീരാമ പട്ടാഭിഷേകം   

വള്ളുവനാട്ടിൽ  പ്രചാരമുള്ള കലാരൂപമാണ്‌ തോല്‍പ്പാവക്കൂത്ത്‌. തുകല്‍കൊണ്ടുള്ള പാവകള്‍ ഉപയോഗിച്ചു നടത്തുന്ന നിഴല്‍ നാടകമാണിത്‌. ഭഗവതിയെ ആരാധിക്കാനാണ്‌ തോല്‍പ്പാവക്കൂത്തു നടത്തുന്നത്‌. പ്രത്യേകം നിര്‍മിച്ച കൂത്തുമാടങ്ങളിലാണ്‌ ഈ കലാരൂപം അരങ്ങേറുന്നത്‌. ഭഗവതീക്ഷേത്രപരിസരങ്ങളിലാണ്‌ കൂത്തുമാടങ്ങള്‍ ഉണ്ടാവുക. രാത്രി മുതല്‍ പുലര്‍ച്ചെ വരെയാണ്‌ കൂത്തു നടത്തുന്നത്‌.

തോല്‍പ്പാവക്കൂത്തിന്റെയും പാവനിര്‍മ്മാണത്തിന്റെയും വിശദാംശങ്ങളറിയാന്‍ ഏറ്റവും ഉചിതമായ സ്ഥാപനമാണ്‌ ഷൊര്‍ണ്ണൂരിനടുത്ത്‌ കൂനത്തറയിലുള്ള കൃഷ്‌ണന്‍കുട്ടി പുലവര്‍ സ്‌മാരക തോല്‍പ്പാവക്കൂത്ത്‌ കേന്ദ്രം. പാവക്കൂത്തു കലാകാരനായ കൃഷ്‌ണന്‍കുട്ടി പുലവരുടെ സ്‌മാരകമാണിത്‌. പുലവര്‍ എന്നവാക്കിനര്‍ത്ഥം ഗുരു, പണ്ഡിതന്‍ എന്നൊക്കെയാണ്‌.

തോല്‍പ്പാവക്കൂത്തിന്റെയും പാവനിര്‍മ്മാണത്തിന്റെയും വിശദാംശങ്ങളറിയാന്‍ ഏറ്റവും ഉചിതമായ സ്ഥാപനമാണ്‌ ഷൊര്‍ണ്ണൂരിനടുത്ത്‌ കൂനത്തറയിലുള്ള കൃഷ്‌ണന്‍കുട്ടി പുലവര്‍ സ്‌മാരക തോല്‍പ്പാവക്കൂത്ത്‌ കേന്ദ്രം. പാവക്കൂത്തു കലാകാരനായ കൃഷ്‌ണന്‍കുട്ടി പുലവരുടെ സ്‌മാരകമാണിത്‌. പുലവര്‍ എന്നവാക്കിനര്‍ത്ഥം ഗുരു, പണ്ഡിതന്‍ എന്നൊക്കെയാണ്‌.

ഇന്ന്‌ ബാക്കി നില്‍ക്കുന്ന ഏതാനും പാരമ്പര്യ തോല്‌പാവക്കൂത്തു കുടുംബങ്ങളിലെ അംഗങ്ങളാണ്‌ ഈ കേന്ദ്രത്തിലെ കൂത്തുസംഘത്തിലുള്ളത്‌. കൃഷ്‌ണന്‍കുട്ടി പുലവരുടെ മൂത്ത മകന്‍ കെ. കെ. രാമചന്ദ്ര പുലവരാണ്‌ കേന്ദ്രത്തിന്റെ മേധാവി. മൃഗചര്‍മത്തില്‍ നിന്നു പാവകള്‍ ഉണ്ടാക്കാനും അവ ഉപയോഗിച്ച്‌ കൂത്തു നടത്താനും തങ്ങളുടെ പാരമ്പര്യകല നിലനിര്‍ത്താനും ഈ കലാകേന്ദ്രം ശ്രമിക്കുന്നു.


പ്രസാദ് കെ ഷൊർണുർ


Wednesday, 15 March 2017

ARYANKAV POORAM KOORAYIDAL


ആരിയങ്കാവ് പൂരം കൂറയിടൽ 


തൊണ്ണൂറ്റിയാറ് ദേശങ്ങളുടെ പൂരം എന്നറിയപ്പെടുന്ന ആരിയങ്കാവ് പൂരത്തിന് എല്ലാവർഷവും മീനമാസം 1-ആം തിയ്യതി പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ ഷൊറണൂരിനടുത്തുള്ള കവളപ്പാറ ആരിയങ്കാവ് ഭഗവതിക്ഷേത്രത്തിൽ കൂത്ത് കൂറയിടൽ നടന്നുവരുന്നു.

മീനം 1 ന് പറയ വേല കാവിലെത്തുന്നതോടെ പൂരാഘോഷങ്ങൾക്ക് തുടക്കമായി.
(അവകാശം പറയ സമുദായത്തിന്). ഇതോടെ തോൽപാവകൂത്ത് കൂറയിടുക എന്ന ചടങ്ങിന് തുടക്കമായി.


പ്രസാദ് കെ ഷൊർണൂർ


Sunday, 5 March 2017

ARYANKAV PRATHISHTTA BAGAVATHI


ആര്യങ്കാവ് പ്രതിഷ്ഠ ഭഗവതി


കാളീം, മേഘസമപ്രഭാം, ത്രിനയനാം,
വേതാള കണ്ട സ്ഥിതാം
ഖഡ്ഗം ഖേട കപാല ദാരുകശിര: 
കൃത്വാ കരാഗ്രേഷുച,
ഭൂതപ്രേത പിശാച മാതൃ സഹിതാം
മുണ്‍ഡസ്രജാലംകൃതാം
വന്ദേ, ദുഷ്ട മസുരികാ ദിവിപദാം
സംഹരിണി, മീശ്വരീം.


ഭക്തൻറെ പ്രാർത്ഥനക്കൊപ്പം കൂടെവന്ന ദേവിയാണ് കവളപ്പാറയിലെ ആര്യങ്കാവിലമ്മ എന്നാണ് ഇന്നും  വിശ്വാസം. നൂറ്റാണ്ടുകൾക്ക് മുമ്പ് കൊല്ലം ജില്ലയിലെ ആര്യങ്കാവ് ചുരവുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം. മിഥുനമാസത്തിലെ ഉത്രട്ടാതി നാളിലാണ് പ്രതിഷ്ഠാ ദിനം.

വേണാട് വാണ പെരുമാൾമാരിൽ അവസാനത്തെയാളാണ് രാമവർമ കുലശേഖരപെരുമാൾ. 1090 മുതൽ 1102 വരെ ഇദ്ദേഹം ഭരണം നടത്തിയിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളിൽ പറയുന്നു. ഒരിക്കൽ ഇദേഹം തന്റെ ഏറ്റവും വിശ്വസ്തനായ ഒരു അംഗരക്ഷകനെ രഹസ്യമായി ഒരു അടിയന്തിര സന്ദേശം നൽകി പാണ്ഡ്യരാജാവിന്റെ അടുത്തേക്കയ്ച്ചു. കൊല്ലം ചെങ്കോട്ട വഴി ആര്യങ്കാവു ചുരത്തിലൂടെ വളരെ രഹസ്യമായി മധുരയിൽ  എത്തിച്ചേരണം. ഏകനായി കുതിരപ്പുറത്ത് യാത്ര ചെയ്യാൻ നിർബന്ധിതാനായ അംഗരക്ഷകൻ പകൽപ്പോലും ഇരുട്ടു നിറഞ്ഞ കാട്ടിലൂടെ ബഹുദൂരം പിന്നിട്ടു. കുളമ്പടി ശബ്ദം കേട്ട് ആ കൊടുങ്കാട്ടിൽ തമ്പടിച്ചിരുന്ന പതിനഞ്ചൊളം കൊള്ളക്കാർ കുതിരയെ വളഞ്ഞു. 

കൊള്ളക്കാരുടെ കയ്യിൽ നിറയെ മാരകായുധങ്ങളാണ്. തന്റെ കയ്യിലുള്ള രഹസ്യ സന്ദേശം നശിപ്പിക്കപ്പെട്ടാൽ, അതുണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകൾ ഓർത്തപ്പോൾ അയാൾ വിറച്ചു പോയി. ഏതായാലും മരണം തീർച്ചപ്പെടുത്തി. വിയർത്തുകുളിച്ചു. കാട്ടിലെ കാവൽ ദേവതയായ ആര്യങ്കാവിലമ്മയെ ഉറക്കെവിളിച്ചു. അമ്മേ...... അമ്മേ...... രക്ഷിക്കണേ...... കുതിരപ്പുറത്തു നിന്ന് ഇറങ്ങിയില്ല. കൊള്ളക്കാർ അടുത്തെത്തി. അമ്മേ...... ഉറക്കെ നിലവിളിച്ചു. കാട്ടിൽ ആ ശബ്ദം മാറ്റൊലി കൊണ്ടു. 

അൽപ്പസമയത്തിനകം ദൂരെ നിന്നും കുതിര കുളമ്പടി നാദം അടുത്തു വരുന്നു. അശ്വാരൂഡരായ കുറെ ഭടന്മാർ കയ്യിൽ വാളുകളുമായി എത്തി. കൊള്ളക്കാരുമായി ഏറ്റുമുട്ടി. ഈ തക്കം നോക്കി യുവാവ് തന്റെ കുതിരയെ അതിവേഗത്തിൽ ഓടിച്ചു മധുരയിലെത്തി. സന്ദേശം നൽകി മറുപടിയും വാങ്ങി മറ്റൊരു വഴിയിലൂടെ തിരിച്ചെത്തി. വിവരങ്ങളെല്ലാം പെരുമാളിനെ അറിയിച്ചു. മധുരയിലെ മറുപടി നമ്മുക്കനുകൂലമാണ്. സാരമില്ല. അദ്ദേഹം പറഞ്ഞു സമാധാനപെടുത്തി.

അൽപ്പസമയത്തിനകം അദ്ദേഹം രത്നം പതിച്ച ഒരു വാളുമായി വന്നു. ഇതാ ആ വാൾ എടുത്തുകൊള്ളു. എന്നിട്ട് അദേഹത്തോടായി പറഞ്ഞു. ഭാരതപുഴക്കക്കരെ നിന്നും എന്ത് ത്യാഗം സഹിച്ചും ആവശ്യമുള്ള സ്ഥലം വെട്ടിപിടിച്ച് അവിടെ നാടുവാഴിയായി വാഴുക. അമ്മ കൂടെ ഉണ്ടാവും. പിന്നെ ഒട്ടും താമസിച്ചില്ല. രത്നകവചിതമായ വാളുമായി വടക്കോട്ടു യാത്രയായി. നിളാനദിയുടെ വടക്കെകരയിൽ കൊച്ചിയുടെ അതിർത്തിയിൽ സാമൂതിരിയുടെ കുറെ സ്ഥലം വെട്ടിപിടിച്ച് നാടുവാഴിയായി വാണു തുടങ്ങി. വലിയൊരു കൊട്ടാരവും പണി കഴിപ്പിച്ചു. ഇതിനാവശ്യമായ എല്ലാ സഹായവും പെരുമാൾ ചെയ്തു കൊടുത്തു.

തന്റെ ഇന്നത്തെ ഉന്നതിക്ക് കാരണക്കാരിയായ ആര്യങ്കാവു ചുരത്തിലെ ദേവിയെ അദ്ദേഹം മനസാ ആരാധിച്ചു തുടങ്ങി. അവിടെ നിന്നും ദേവിയെ തന്റെ രാജ്യത്തിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ആര്യങ്കാവു ചുരത്തിലെത്തി വൃതമാരംമ്പിച്ചു. തപസ്സു ചെയ്ത് ദേവിയെ പ്രത്യക്ഷപ്പെടുത്തി. തന്നെ സഹായിച്ച ദേവി തന്റെ നാട്ടിലെക്കെഴുന്നള്ളമെന്നും തന്റെ പരദേവതയായി വാഴണമെന്നും അപേക്ഷിച്ചു. ദേവി സമ്മതിച്ചു. ' നടന്നോള്ളൂ ഞാൻ പിറകെ ഉണ്ട്.' ഭാരതപുഴവരെ ദേവിയെത്തി. 

ഭാരതപ്പുഴയിൽ നീരാട്ടു നടത്തുകയായിരുന്ന ഏതോ മനക്കലെ മൂന്നു കൊമ്പനാനകൾ ദേവിയുടെ രൂപം കണ്ട് പരിഭ്രാന്തരായി. ദേവിയെ ആക്രമിക്കാനോരുങ്ങി. ദേവിയുടെ കണ്ണിൽ നിന്നും ഉയര്ന്ന തീപ്പൊരി മൂന്നാനകളെയും നിർവീര്യമാക്കി. ഇവ പാറക്കൂട്ടമായി മാറിയത്രെ. ഇതോടെ ദേവി ആന വിരോധിയായി എന്ന് പറയപ്പെടുന്നു.

താന്ത്രികനായ കല്ലൂർ നമ്പൂതിരിപ്പാടിന്റെ നിർദേശമനുസരിച്ച് തന്റെ കൊട്ടാരത്തിൽ ദേവിയെ ക്ഷേത്രം പണിത് കുടിവെച്ചു. അതാണ്‌ പ്രസിദ്ധമായ ആര്യങ്കാവ് ഭഗവതി ക്ഷേത്രം.


പ്രസാദ് കെ ഷൊർണുർ