ആരിയങ്കാവ് 96 ദേശങ്ങൾ
തൊണ്ണൂറ്റിയാറു ദേശങ്ങൾ ഉൾക്കൊണ്ടതായിരുന്നു കവളപ്പാറ തട്ടകമെന്ന് പറയുന്നു. എന്നാൽ ഏതൊക്കെയാണ് ഈ ദേശങ്ങളെന്നു മുഴുവനായി പറയാൻ പ്രയാസമാണ്. കണ്ണിയംപുറം തോട് തൊട്ട് ഓങ്ങല്ലൂർ മാട് വരെയും, മുണ്ടക്കോട്ടുകുറിശ്ശി തൊട്ട് ഭാരതപുഴയോരം വരെയും കണക്കാക്കിയാൽ, ഒരു ഏഴോ എട്ടോ ചതുരശ്ര നാഴികക്കകത്ത് മുപ്പതോളം ദേശങ്ങളേയുള്ളൂ. ഒരു പക്ഷേ ബ്രിട്ടീഷുകാർ എ ഡി 1891 കാലത്തു നടത്തിയ ദേശ പുനഃസംഘടനയിൽപ്പെട്ട് ചില ചെറു ദേശങ്ങൾ ഇല്ലാതായതുമാകാം.
തൊണ്ണൂറ്റിയാറു ദേശങ്ങളെക്കുറിച്ചുള്ള സങ്കൽപ്പം ഒരു വിശുദ്ധ തടക്കമെന്നതാകാനാണ് സാദ്ധ്യത. കൊടുങ്ങല്ലൂരിലും തട്ടക ദേശങ്ങൾ തൊണ്ണൂറ്റിയാറാണെന്ന് പറയുന്നു. ഏതായാലും ആരിയങ്കാവിലേക്കുള്ള കുതിര വരവിന്റെ പ്രദേശ വിസ്തൃതി നോക്കിയാൽ; ഒറ്റപ്പാലം തൊട്ട് പട്ടാമ്പിക്കടുത്ത് ഓങ്ങല്ലൂർ വരെയും, കയിലിയാട്ട് കാവിൽ നിന്നും വരുന്ന കുതിരയും അടക്കം മുപ്പത്തിനടുത്ത ദേശങ്ങളേയുള്ളു.
പിന്നെ മേലാർക്കോടിലെയും, പുതിയങ്കം, കാട്ടുശ്ശേരി പ്രദേശങ്ങളും, പഴമ്പാലക്കോടു ഭാഗത്തെ ദേശങ്ങളും ഇതിൽ ഉൾപ്പെടുത്തിയാൽ കവളപ്പാറ നായർക്ക് തൊണ്ണൂറ്റിയാറു ദേശങ്ങൾ തികയ്ക്കാം. പക്ഷേ അതൊന്നും ആരിയങ്കാവു തട്ടകത്തിന്റെ ഭാഗമായി ഗണിക്കാൻ സാധ്യമല്ല.
പടക്ക് ശേഷം പടയാളികൾ തങ്ങളുടെ ദേശത്തെ പ്രധാന ക്ഷേത്രത്തിൽ ഒത്തു ചേർന്ന് കുതിരകളെ മേയുവാൻ വിട്ടിരുന്നതിൻറെ ഓർമ്മ പുതുക്കലത്രെ ആര്യങ്കാവ് പൂരത്തിലെ കുതിരകൾ.
പ്രസാദ് കെ ഷൊർണുർ
No comments:
Post a Comment