Sunday, 5 March 2017

ARYANKAV PRATHISHTTA BAGAVATHI


ആര്യങ്കാവ് പ്രതിഷ്ഠ ഭഗവതി


കാളീം, മേഘസമപ്രഭാം, ത്രിനയനാം,
വേതാള കണ്ട സ്ഥിതാം
ഖഡ്ഗം ഖേട കപാല ദാരുകശിര: 
കൃത്വാ കരാഗ്രേഷുച,
ഭൂതപ്രേത പിശാച മാതൃ സഹിതാം
മുണ്‍ഡസ്രജാലംകൃതാം
വന്ദേ, ദുഷ്ട മസുരികാ ദിവിപദാം
സംഹരിണി, മീശ്വരീം.


ഭക്തൻറെ പ്രാർത്ഥനക്കൊപ്പം കൂടെവന്ന ദേവിയാണ് കവളപ്പാറയിലെ ആര്യങ്കാവിലമ്മ എന്നാണ് ഇന്നും  വിശ്വാസം. നൂറ്റാണ്ടുകൾക്ക് മുമ്പ് കൊല്ലം ജില്ലയിലെ ആര്യങ്കാവ് ചുരവുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം. മിഥുനമാസത്തിലെ ഉത്രട്ടാതി നാളിലാണ് പ്രതിഷ്ഠാ ദിനം.

വേണാട് വാണ പെരുമാൾമാരിൽ അവസാനത്തെയാളാണ് രാമവർമ കുലശേഖരപെരുമാൾ. 1090 മുതൽ 1102 വരെ ഇദ്ദേഹം ഭരണം നടത്തിയിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളിൽ പറയുന്നു. ഒരിക്കൽ ഇദേഹം തന്റെ ഏറ്റവും വിശ്വസ്തനായ ഒരു അംഗരക്ഷകനെ രഹസ്യമായി ഒരു അടിയന്തിര സന്ദേശം നൽകി പാണ്ഡ്യരാജാവിന്റെ അടുത്തേക്കയ്ച്ചു. കൊല്ലം ചെങ്കോട്ട വഴി ആര്യങ്കാവു ചുരത്തിലൂടെ വളരെ രഹസ്യമായി മധുരയിൽ  എത്തിച്ചേരണം. ഏകനായി കുതിരപ്പുറത്ത് യാത്ര ചെയ്യാൻ നിർബന്ധിതാനായ അംഗരക്ഷകൻ പകൽപ്പോലും ഇരുട്ടു നിറഞ്ഞ കാട്ടിലൂടെ ബഹുദൂരം പിന്നിട്ടു. കുളമ്പടി ശബ്ദം കേട്ട് ആ കൊടുങ്കാട്ടിൽ തമ്പടിച്ചിരുന്ന പതിനഞ്ചൊളം കൊള്ളക്കാർ കുതിരയെ വളഞ്ഞു. 

കൊള്ളക്കാരുടെ കയ്യിൽ നിറയെ മാരകായുധങ്ങളാണ്. തന്റെ കയ്യിലുള്ള രഹസ്യ സന്ദേശം നശിപ്പിക്കപ്പെട്ടാൽ, അതുണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകൾ ഓർത്തപ്പോൾ അയാൾ വിറച്ചു പോയി. ഏതായാലും മരണം തീർച്ചപ്പെടുത്തി. വിയർത്തുകുളിച്ചു. കാട്ടിലെ കാവൽ ദേവതയായ ആര്യങ്കാവിലമ്മയെ ഉറക്കെവിളിച്ചു. അമ്മേ...... അമ്മേ...... രക്ഷിക്കണേ...... കുതിരപ്പുറത്തു നിന്ന് ഇറങ്ങിയില്ല. കൊള്ളക്കാർ അടുത്തെത്തി. അമ്മേ...... ഉറക്കെ നിലവിളിച്ചു. കാട്ടിൽ ആ ശബ്ദം മാറ്റൊലി കൊണ്ടു. 

അൽപ്പസമയത്തിനകം ദൂരെ നിന്നും കുതിര കുളമ്പടി നാദം അടുത്തു വരുന്നു. അശ്വാരൂഡരായ കുറെ ഭടന്മാർ കയ്യിൽ വാളുകളുമായി എത്തി. കൊള്ളക്കാരുമായി ഏറ്റുമുട്ടി. ഈ തക്കം നോക്കി യുവാവ് തന്റെ കുതിരയെ അതിവേഗത്തിൽ ഓടിച്ചു മധുരയിലെത്തി. സന്ദേശം നൽകി മറുപടിയും വാങ്ങി മറ്റൊരു വഴിയിലൂടെ തിരിച്ചെത്തി. വിവരങ്ങളെല്ലാം പെരുമാളിനെ അറിയിച്ചു. മധുരയിലെ മറുപടി നമ്മുക്കനുകൂലമാണ്. സാരമില്ല. അദ്ദേഹം പറഞ്ഞു സമാധാനപെടുത്തി.

അൽപ്പസമയത്തിനകം അദ്ദേഹം രത്നം പതിച്ച ഒരു വാളുമായി വന്നു. ഇതാ ആ വാൾ എടുത്തുകൊള്ളു. എന്നിട്ട് അദേഹത്തോടായി പറഞ്ഞു. ഭാരതപുഴക്കക്കരെ നിന്നും എന്ത് ത്യാഗം സഹിച്ചും ആവശ്യമുള്ള സ്ഥലം വെട്ടിപിടിച്ച് അവിടെ നാടുവാഴിയായി വാഴുക. അമ്മ കൂടെ ഉണ്ടാവും. പിന്നെ ഒട്ടും താമസിച്ചില്ല. രത്നകവചിതമായ വാളുമായി വടക്കോട്ടു യാത്രയായി. നിളാനദിയുടെ വടക്കെകരയിൽ കൊച്ചിയുടെ അതിർത്തിയിൽ സാമൂതിരിയുടെ കുറെ സ്ഥലം വെട്ടിപിടിച്ച് നാടുവാഴിയായി വാണു തുടങ്ങി. വലിയൊരു കൊട്ടാരവും പണി കഴിപ്പിച്ചു. ഇതിനാവശ്യമായ എല്ലാ സഹായവും പെരുമാൾ ചെയ്തു കൊടുത്തു.

തന്റെ ഇന്നത്തെ ഉന്നതിക്ക് കാരണക്കാരിയായ ആര്യങ്കാവു ചുരത്തിലെ ദേവിയെ അദ്ദേഹം മനസാ ആരാധിച്ചു തുടങ്ങി. അവിടെ നിന്നും ദേവിയെ തന്റെ രാജ്യത്തിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ആര്യങ്കാവു ചുരത്തിലെത്തി വൃതമാരംമ്പിച്ചു. തപസ്സു ചെയ്ത് ദേവിയെ പ്രത്യക്ഷപ്പെടുത്തി. തന്നെ സഹായിച്ച ദേവി തന്റെ നാട്ടിലെക്കെഴുന്നള്ളമെന്നും തന്റെ പരദേവതയായി വാഴണമെന്നും അപേക്ഷിച്ചു. ദേവി സമ്മതിച്ചു. ' നടന്നോള്ളൂ ഞാൻ പിറകെ ഉണ്ട്.' ഭാരതപുഴവരെ ദേവിയെത്തി. 

ഭാരതപ്പുഴയിൽ നീരാട്ടു നടത്തുകയായിരുന്ന ഏതോ മനക്കലെ മൂന്നു കൊമ്പനാനകൾ ദേവിയുടെ രൂപം കണ്ട് പരിഭ്രാന്തരായി. ദേവിയെ ആക്രമിക്കാനോരുങ്ങി. ദേവിയുടെ കണ്ണിൽ നിന്നും ഉയര്ന്ന തീപ്പൊരി മൂന്നാനകളെയും നിർവീര്യമാക്കി. ഇവ പാറക്കൂട്ടമായി മാറിയത്രെ. ഇതോടെ ദേവി ആന വിരോധിയായി എന്ന് പറയപ്പെടുന്നു.

താന്ത്രികനായ കല്ലൂർ നമ്പൂതിരിപ്പാടിന്റെ നിർദേശമനുസരിച്ച് തന്റെ കൊട്ടാരത്തിൽ ദേവിയെ ക്ഷേത്രം പണിത് കുടിവെച്ചു. അതാണ്‌ പ്രസിദ്ധമായ ആര്യങ്കാവ് ഭഗവതി ക്ഷേത്രം.


പ്രസാദ് കെ ഷൊർണുർ


No comments:

Post a Comment