Sunday, 31 December 2017

ANJU NAIR VEEDU


അഞ്ച്‌ നായർ വീട്

ഇന്നത്തെ ജനകീയ കമ്മിറ്റി വരും മുമ്പ് പ്രദേശത്തെ അഞ്ച്‌ കുടുംബങ്ങളായിരുന്നു കുതിര  എഴുന്നള്ളിപ്പിന് കാർമികത്വം വഹിച്ചിരുന്നത്. പാപ്പുള്ളി, പരക്കാട്ട്, ഇടയിരിഞ്ഞി, കടമ്പാട്ട്, കിഴക്കീട്ടിൽ എന്നീ തറവാടുകളിൽ നിന്ന് കൊണ്ടു വരുന്ന വെള്ള നിറമുള്ള അഞ്ച്‌ മുണ്ടുകൾ ചേർത്താണ് കുതിര രൂപത്തിൻറെ നിർമ്മാണം.

For more details and reference : Malayala Manorama - 2010 December 4 Saturday

പ്രസാദ് കെ ഷൊർണുർ


Saturday, 16 December 2017

PAPPULLY VEEDU NEDUNGOTTOOR


 പാപ്പുള്ളി വീട് നെടുങ്ങോട്ടൂർ

ദേശ കുതിരയുടെ തല പാപ്പുള്ളി തറവാട്ടിലാണ് കാലങ്ങളായി സൂക്ഷിച്ചു വരുന്നത്.

പ്രസാദ് കെ ഷൊർണുർ


Saturday, 2 December 2017

KOZHISHERI MANA NEDUNGOTTOOR


കോഴിശ്ശേരി മന നെടുങ്ങോട്ടൂർ


ഷൊർണുർ കടപ്പെടുന്ന മന 

ദേശ കുതിര തണ്ടുകൾ കോഴിശ്ശേരി മനയിലാണ് കാലങ്ങളായി സൂക്ഷിച്ചു വരുന്നത്.

ഒരു കാലത്ത് ഷൊർണൂരിലെ മുക്കാൽ പങ്കു ഭൂമിയും കോഴിശ്ശേരി മനയുടെ അധീനതയിലായിരുന്നു.

250 വർഷത്തിലേറെ പഴക്കമുള്ള കോഴിശ്ശേരി മനയെക്കുറിച്ച് 

ഷൊർണുർ റെയിൽവേ സ്റ്റേഷനു കേരള ഭൂമി ശാസ്ത്രത്തിൽ വലിയ പങ്കുണ്ട്. കേരളത്തിൻറെ ഇരു ഭാഗങ്ങളിലേക്കും കൂകിപ്പായുന്ന തീവണ്ടികൾക്കു ഷൊർണൂർ സ്റ്റേഷൻ തൊടാതെ പോകാനാവില്ല. കേരള റയിൽപാതയുടെ മധ്യഭാഗമെന്നു നമുക്കു ഷൊർണൂരിനെ വിളിക്കാം. ഇവിടെ നിന്നു നിളയുടെ ആഴപ്പരപ്പിലെ കാഴ്ച്ചകൾ ഒപ്പി വണ്ടി യാത്ര തുടരുന്നു, മംഗലാപുരത്തേക്ക്. ഇനി തലസ്ഥാനത്തേക്കായാലും പൂരങ്ങളുടെ നാടിനെ തൊട്ട്, വണ്ടി വേഗം കൂട്ടുന്നു.

ഇനി ഷൊർണൂർ ആശുപത്രിയിലേക്കു ക്യാമറ ഫോക്കസ് ചെയാം. ആതുര സേവനത്തിന്റെ മറ്റൊരു ഗവൺമെന്റ് മുഖം. രോഗികൾക്ക് എന്നും അനുഗ്രഹമാകുന്ന സ്ഥാപനം. നിരന്നു നിൽക്കുന്ന ആറു പ്ലാറ്റ്‌ഫോമുകളും കഴിഞ്ഞ് ഒറ്റപ്പാളത്തിലൂടെ വണ്ടി മുന്നോട്ടു പോകുന്നതിനിടയിൽ നമുക്കു നിളയുടെ തീരത്തെ ഗവൺമെന്റ് ശ്‌മശാനത്തിലേക്കു കൂടി കണ്ണോടിക്കാം.

മൂന്നു ഗവൺമെന്റ് സംരംഭങ്ങൾ. ഇവയും ഷൊർണൂർ സ്‌റ്റേഷനരികെ തലയുയർത്തി നിൽക്കുന്ന കോഴിശ്ശേരി മനയും തമ്മിലുള്ള ബന്ധം ? നെറ്റിയിൽ സംശയത്തിൻറെ ചുളിവുകൾ പടരുന്നതിനു മുമ്പ് അൽപ്പം ചരിത്രം പഠിക്കാം.  പണ്ട് ..

ഓർമ്മകളിലെ തീവണ്ടിയിരമ്പം 

പണ്ട്, ഷൊർണൂർ മുക്കാലും കോഴിശ്ശേരി മനയുടെ അധീനതയിലായിരുന്നു. ഉരളാശേരി, എടവന, കോഴിശ്ശേരി എന്നീ മൂന്ന് കുടുംബങ്ങൾ ചേർന്നതായിരുന്നു മന. പിന്നീടു മറ്റുള്ളവ വിട്ടകന്നു കോഴിശ്ശേരി മാത്രമായി ഷൊർണൂരിൽ. റയിൽപാതയും ആശുപത്രിയും ശ്‌മശാനവും ആവശ്യമായപ്പോൾ കുറഞ്ഞ പണത്തിന് അളന്നെടുത്തോളാൻ അന്നത്തെ കാരണവർ സമ്മതിക്കുകയായിരുന്നു. അങ്ങനെ ഷൊർണൂർ സ്റ്റേഷനായി, ആശുപത്രിയായി, ശ്‌മശാനമായി. മാറ്റങ്ങൾക്കൊപ്പം മുന്നിൽ നടന്നെങ്കിലും മന മാത്രം 250 വർഷത്തിലേറെ നീളുന്ന പ്രൗഢിയുമായി മാറ്റങ്ങളൊന്നുമില്ലാതെ നിൽക്കുന്നു. കാലങ്ങളെ ഇനിയും തുഴഞ്ഞു നീങ്ങാൻ. പിന്നെ വീണ്ടും ഓർമകളിൽ തീവണ്ടിയിരമ്പം നിറക്കാനും.

ഉത്സവമേളത്തിനു ചുക്കാൻ പിടിച്ച്

വരാന്തയിൽ വുഡൻ ഫ്ളോറിങ്ങും ചാരുകസേരകളും പഴമയുടെ പ്രൗഢി വിളിച്ചോതുന്നു.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആ പഴയ മനക്ക് ഇന്നും മാറ്റങ്ങൾ അധികമൊന്നുമില്ല. ഇടയ്ക്ക് ഒരു വർഷം മുമ്പു ചില നവീകരണങ്ങൾ വരുത്തിയെങ്കിലും മനയുടെ മൂലാകൃതിക്കു മാറ്റമൊന്നും വരുത്തിയിട്ടില്ല. മൊത്തം അഞ്ചേക്കറിലാണു മനയും പറമ്പും നിൽക്കുന്നത്. മനയോടു ചേർന്ന്, പറമ്പിനൊരു വശത്തായി നീലത്താമര വിരിഞ്ഞു നിൽക്കുന്ന കുളവും കുളപ്പുരയും വരുന്നു. 

ഇടയ്ക്ക് പുതുക്കി പണിതപ്പോൾ നിലത്തെ വുഡ് ഫ്ലോറിങ്ങിനരികിലായി തൂണുകൾക്കൊപ്പം ഇരിപ്പിടം കൂടി ഒരുക്കിയിരിക്കുന്നതു കാണാം, വരാന്തയിൽ. ഇത് ഷുറാക്കെന്ന ആധുനിക ഡിസൈൻ തന്ത്രജ്ഞതയുടെ ഭാവവും പേറുന്നു. അകത്തേക്കുള്ള വാതിൽ പക്ഷെ, പഴയ മട്ടിൽ ഉള്ളതാണ്. അലങ്കാരമായി പിച്ചളതകിടുകൾ വാതിൽത്തടിയിൽ വരുന്നു. ഇതിനടുത്തായി, വാതിലിനിരുവശവുമുള്ള രണ്ടു ചാരുകസേരകളും ഒരു പ്രതീകമാണ്. മുമ്പ് ഒരു കാലത്ത്, കുംഭമാസത്തെ  ഭരണി നാളിൽ കൊഴുക്കോട്ട് കാവിലെ തകർത്തു പെയ്യുന്ന ഉത്സവമേളത്തിനു ചുക്കാൻ പിടിക്കുന്ന തറവാട്ടുകാരണവന്മാരുടെ പ്രൗഢിയുടെ ഇരിപ്പിടം.

'' ഇപ്പോൾ പഴയ പോലെ ഉത്സവോം ന്നും ല്ല്യ. വൃശ്ചികം ഒന്നിനുള്ള ഒരു നിറമാലയും പരദേവതക്കുള്ള വേട്ടൈക്കരൻ പാട്ടും മാത്രമായി എല്ലാം ഒതുങ്ങി..'' കൊഴുക്കോട്ട് കാവിലെ ഇന്നത്തെ പൂജാരിയും തറവാട്ടിലെ അമരക്കാരിലൊരാളുമായ സുബ്രമണ്യൻ നമ്പൂതിരിപ്പാട് ഗൃഹാതുരതകളിൽ പരതുന്നു.

ചരിതം, അകക്കണ്ണു തുറന്ന് 

വരാന്തയിൽ നിന്ന് അകത്തേക്കുള്ള മുറികളിലേക്കു കടക്കുമ്പോൾ ബഹുമാനപൂർവമായാലും സ്വസ്വരക്ഷിതത്തിനായാലും അൽപ്പം കുനിയുന്നതു നന്ന്. ഇല്ലെങ്കിലും ആറാടിയിൽ കുറഞ്ഞ പഴയകാല വാതിലുകൾ നിങ്ങളെ കുനിയിക്കും. മുകളിലും താഴെയുമായി അഞ്ച്‌ ബെഡ്‌റൂമുകളാണ് ഇവിടെ. അഞ്ചും ഏറെയൊന്നും മാറ്റം വരാതെ തന്നെ നിലനിർത്തിയിട്ടുണ്ട്. ഇതിലൊരു ബെഡ്‌റൂമിൽ വാതിലിനേക്കാൾ വലിപ്പമുള്ള ഭരണി എങ്ങനെ ഈ മുറിയിലെത്തിച്ചുവെന്നതു നിങ്ങളെ അത്ഭുതപ്പെടുത്തും. മനയോടൊപ്പം ഈ മുറിയിൽ വെച്ചു തന്നെ പണിതതാവം ഇത്. ഇതിനും ഒരുപക്ഷേ, 200 കൊല്ലത്തെ ചരിത്രം അവകാശപ്പെടാനുണ്ടാവാം.  

നടുമുറ്റത്തിനു ചുറ്റുമുള്ള തൂണുകളാണ് ഇവിടുത്തെ ആകർഷണത്തിന്റെ മറ്റൊരു മുഖം.

ലളിതമായ ഫർണിച്ചറാണ് ഇവിടുള്ളത്. ആഡംബരത്തിന്റെ ആടയാഭരണങ്ങൾ അധികമൊന്നും ചാർത്താത്ത മുറികൾക്ക് അനുപൂരകങ്ങളായവ. നടുമുറ്റം വേണ്ടത്ര ശ്രദ്ധിക്കാത്തതിനാൽ പുല്ലു പിടിച്ചു കിടക്കുന്നു. ചുറ്റുമുള്ള തൂണുകളാണ് ഇവയുടെ ആകർഷണം ചോരാതെ നിർത്തുന്നത്. അടുക്കളയിൽ തൂക്കിയിട്ട മത്തങ്ങ കേടുപിടിക്കാതിരിക്കാൻ മാത്രമല്ല, പഴയ കാർഷികപെരുമയുടെ ചിഹ്നം കൂടിയാണ്. ഗോവണിയിലെ പാമ്പിന്റെ മുഖമുള്ള കൈവരിയും മുറികളിലൊന്നിൽ നിറഞ്ഞിരിക്കുന്ന ഉരുളികളും പാത്രങ്ങളും പൊയ്‌പോയ  ഇന്നലെകളിലെ ആഢ്യത്വത്തിന്റെ പ്രതീകങ്ങൾ കൂടിയാണ്. സമീപത്തെ ഏതു വീടുകളിൽ വിശേഷമുണ്ടായാലും സദ്യയൊരുക്കാൻ ഈ ഉരുളികൾ തന്നെ വേണം. സഹോദരങ്ങളായ നാരായണനും സുബ്രഹ്മണ്യനുമാണ് ഇവിടെ ഇപ്പോൾ കുടുംബസമേതം താമസം.
   
നാട് കടപ്പെടുന്നു 

കുളപ്പുരയാണു മറ്റൊരു കെട്ടിടം. പത്തായപ്പുര നേരത്തെ പൊളിച്ചു മാറ്റി. കുളത്തിൽ വിരിഞ്ഞു നിൽക്കുന്ന നീലത്താമരയുടെ ഭംഗി ആസ്വദിക്കുന്നതിനിടയിൽ ഷൊർണൂർ സ്റ്റേഷനലിൽ എത്താൻ പോകുന്ന തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസിന്റെ അനൗൺസ്‌മെന്റ് കേൾക്കാം. കൂകി വരുന്ന വണ്ടിയിലെ യാത്രക്കാർക്കറിയാമോ പഴയ കഥകൾ ?

കൃതജ്ഞത - വനിത - വീട് - 2010 മാർച്ച്

പ്രസാദ് കെ ഷൊർണുർ
9656106625


Friday, 17 November 2017

KUTHIRA KANDAM KOZHISHERI


കുതിര കണ്ടം കോഴിശ്ശേരി




പ്രസാദ് കെ ഷൊർണുർ


Thursday, 2 November 2017

ENTE DESHAM NEDUNGOTTOOR


എൻറെ ദേശം നെടുങ്ങോട്ടൂർ



എൻറെ ബാല്യകാലത്ത് ഞാന്‍ പരിചയപ്പെട്ട ലോകം. ഓര്‍മയിലെ ആ മധുരങ്ങളും, നോവുകളും ഇന്നെലെയെന്ന പോലെ മനസ്സില്‍ തെളിയുകയായി....


പ്രസാദ് കെ ഷൊർണുർ 


Saturday, 14 October 2017

ARYANKAV THALAPOLI KANNIYIL


ആര്യങ്കാവ് താലപ്പൊലി കന്നിയിൽ 



കന്നിമാസത്തിലെ അവസാനത്തെ കൊടിയാഴ്ചയാണ് ക്ഷേത്ര താലപ്പൊലി.

പ്രസാദ് കെ ഷൊർണുർ


Monday, 3 April 2017

ARYANKAV POORAM SAMAPANAM


ആരിയങ്കാവ് പൂരം സമാപനം

രാവിലെ 7 മണി മുതൽ രണ്ടു ദിവസങ്ങളിലായി ക്ഷേത്രത്തിലെത്തിയ കുതിരകളുടെ വിടവാങ്ങൽ ചടങ്ങാണ്. ഓരോ കുതിരയെയും മുൻഗണനാ ക്രമത്തിൽ ക്ഷേത്രത്തിൽ തൊഴുകിച്ച് കയറ്റും. ഇങ്ങനെ 13 കുതിരകളെയും ഓരോന്നോരോന്നായി ക്ഷേത്രത്തിൽ വലംവെച്ച് കയറ്റിയാൽ അതോടൊപ്പം തന്നെ ശ്രീരാമ പട്ടാഭിഷേകം പൂർത്തിയായാൽ കൂത്ത് കൂറ വലിക്കും. 21 ദിവസം നീണ്ടു നിന്ന പൂരാഘോഷങ്ങൾക്ക് സമാപ്തിയായി.

പ്രസാദ് കെ ഷൊർണുർ  


Sunday, 2 April 2017

ARYANKAV POORAM DIVASAM


ആരിയങ്കാവ് പൂരം ദിവസം


തട്ടകത്തമ്മ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഷൊറണൂരിനടുത്തുള്ള കവളപ്പാറ ആരിയങ്കാവ് ഭഗവതിക്ഷേത്രത്തിൽ എല്ലാവർഷവും മീനം 1 ന് പറയ വേല കാവിലെത്തുന്നതോടെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമാകുന്നു.

മീനം 21 നാണ്‌  പൂരം. രാവിലെ രാവണ വധം കൂത്ത് കഴിഞ്ഞാൽ നാട് നടുക്കുന്ന 101 കതിനാവെടികൾ മുഴങ്ങും. അതോടെ ക്ഷേത്രത്തിന് ചുറ്റുമായി കാത്തു നിൽക്കുന്ന പൂതൻ  തിറകൾ തിരുനടയിൽ കളിച്ച്‌ വീടുകളിലേക്ക് ഇറങ്ങും. 96 ദേശങ്ങളിലുമായി പൂതൻ  - തിറ - കുമ്മാട്ടി തുടങ്ങിയ വിവിധ കലാരൂപങ്ങൾ തിമിർത്താടുമ്പോൾ നാടും നഗരവും പൂരലഹരിയിലായി മാറും.

പൂരം ദിവസം ഏകദേശം 11 മണിക്ക് ദേവിക്ക് തിരുവാഭരണം ചാർത്തും. കൊല്ലത്തിൽ പകൽ ദിവസം തിരുവാഭരണം ചാർത്തുന്നത് പൂരത്തിന് മാത്രമാണ്. തിരുവാഭരണം ചാർത്തി കഴിയുന്നതോടെ ആയിരക്കണക്കിനാളുകൾ ക്ഷേത്രത്തിലേക്കൊഴുകി തുടങ്ങും. ഉച്ചക്ക്  ദേവിയുടെ തോഴി എന്നറിയപ്പെടുന്ന പെൺ കുതിര - മുണ്ടായ കുതിര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടക്ക് പുറത്തു നിശ്ചിത സ്ഥാനത്ത് കുടിയിരുത്തുന്നതോടെ പൂരാഘോഷം ആരംഭിക്കുകയായി. 

കുതിരകളി ദിവസം ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് ഇറക്കിവെച്ചിട്ടുള്ള കുതിരകളെ ഒന്നൊന്നായി തൊഴുകിച്ച് പൂരപറമ്പിലേക്ക് മാറ്റി നിരയായി ഇരുത്തും. ഈ സമയത്തു തന്നെ ഏറുപ്പെ ശിവക്ഷേത്ര നടയിൽ നിന്നും പഞ്ചവാദ്യത്തിൻറെ അകമ്പടിയോടെ നായരു വേല കവളപ്പാറ - കാരക്കാട് ദേശകുതിരകളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളും. പണ്ട് കവളപ്പാറ സ്വരൂപക്കാരായിരുന്നു ആരിയങ്കാവ് പൂരം നടത്തിയിരുന്നത്. അക്കാലത്ത് മൂപ്പിൽ നായരെ വേണാട്ടു സ്വരൂപം നൽകിയ പല്ലക്കിൽ ഇരുത്തി കുറുപ്പന്മാർ ചുമന്ന് ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചിരുന്നു ഇതാണ് നായരു വേല എന്ന പേരിൽ അറിയപ്പെട്ടിരുന്നത്.

കവളപ്പാറ സ്വരൂപം ക്ഷയിച്ചു തുടങ്ങിയതോടെ പൂരം നടത്തിപ്പു തന്നെ പ്രശനത്തിലായി. ഇതിനെ തുടർന്ന് പൂരത്തിൻറെ നടത്തിപ്പ് നാട്ടുകാർ ഏറ്റെടുത്തു. 1970 മുതൽ വിവിധ ദേശങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ചേർന്നുള്ള പൂരകമ്മിറ്റിക്കാണ് ആഘോഷങ്ങളുടെ ചമതല. 1964 മുതൽ റിസീവർ ഭരണത്തിലായ സ്വരൂപത്തിൻറെ ദൈനദിന കാര്യങ്ങൾ പോലും കോടതിയുടെ നിയന്ത്രണത്തിലാണ്. കോടതിയിൽ നിന്ന് പ്രത്യേക അനുവാദവും വാങ്ങിയാണ് ദേശക്കാർ പൂരം നടത്തി വരുന്നത്. ജനകീയ കമ്മിറ്റി നിലവിൽ വന്നതോടെ നായരു വേല ഇല്ലാതായി.

ഇപ്പോൾ കാരക്കാട്, കവളപ്പാറ ദേശകുതിരകളുടെ എഴുന്നെള്ളിപ്പാണ് നടന്നു വരുന്നത്. ഈ  കുതിരകൾ ക്ഷേത്ര തിരുമുറ്റത്തെത്തുന്നതോടെ പൂരം അതിൻറെ ഉച്ചസ്ഥായിയിലെത്തും. കേരളത്തിലെ പ്രശസ്‌ത പഞ്ചവാദ്യ വിദഗ്ദ്ധരാണ് പഞ്ചവാദ്യത്തിൽ അണിനിരക്കുന്നത്. ഈ  കുതിരകൾ കാവിൽ വലം വെച്ച് തൊഴുത് കയറിയാൽ അച്ഛൻ കുതിര എന്ന പേരിൽ അറിയപ്പെടുന്ന ചെറുകാട്ടുപുലം കുതിരയുടെ വരവാണ്. ചമയങ്ങളില്ലാതെ വർണ്ണ പകിട്ടുകളില്ലാതെ  വെറും വെള്ള നിറത്തിലുള്ള തുണിയിൽ പൊതിഞ്ഞ് ആഡംബരരഹിതമായി ക്ഷേത്രത്തിൽ എത്തുന്ന ഏക കുതിരയാണ് ഇത്. ഇതിൻറെ പുറകെ ത്രാങ്ങാലി ദേശത്ത് നിന്നുള്ള വേല വാദ്യമേളങ്ങളോടെ ക്ഷേത്രത്തിൻറെ കിഴക്കേ നടയിലെത്തും.

ഇനി വരാനുള്ളത് കുതിര പൂരങ്ങളിൽ വെച്ച് ഏറ്റവും ആകർഷകമായ തെക്കുംമുറി - വടക്കുംമുറി ദേശകുതിരകളാണ്. ഓരോ കുതിരകൾക്കും ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ ചമയങ്ങളും കൂടാതെ മാറിൽ ആകർഷകങ്ങളായ ദേവി-ദേവൻമാരുടെ പ്രതിമകളും വള്ളുവനാട്ടിലെ മറ്റൊരു പൂരത്തിനും കാണാൻ കഴിഞ്ഞെന്നു വരില്ല. ഓരോ കുതിരകൾക്കും പ്രത്യേകം പ്രത്യേകം പഞ്ചവാദ്യം, പൂക്കാവടി, തകിൽ, ശിങ്കാരിമേളം, ബാൻഡ് അമ്പതോളം, പൂതൻ-തിറകൾ അവരുടെ വാദ്യങ്ങൾ എന്നിവ അകമ്പടിയുണ്ടാവും.ആരിയങ്കാവ് പൂരത്തിൻറെ നയന മനോഹരമായ ദൃശ്യ വിരുന്നാണ് ഈ രണ്ട് കുതിരകളുടെ വരവ് എന്നു പറയാം. ആയിരകണക്കിന് ആളുകളും രണ്ട് കുതിരകൾക്ക് ഒപ്പം നടന്നു നീങ്ങുന്നത് കാണാം.

ഈ കുതിരകളുടെ എഴുന്നെള്ളിപ്പ് കഴിഞ്ഞാൽ ഏകദേശം 6 മണിയോടെ ദേവിയുടെ തോഴി എന്നറിയപ്പെടുന്ന മുണ്ടായ പെൺ കുതിരയുടെ എഴുന്നെള്ളിപ്പാണ്. ഈ കുതിര ഉച്ചക്ക് ക്ഷേത്രത്തിന് പുറത്തെത്തുന്നതോടെ മാത്രമേ പൂരം തുടങ്ങുകയുള്ളൂ. ഏകദേശം അമ്പത് വർഷം മുമ്പ് ഈ കുതിര വരുന്ന വഴിയിൽ തടസങ്ങളും സംഘർഷങ്ങളും ഉണ്ടായതിനെ തുടർന്ന് കുതിര ക്ഷേത്രത്തിലെത്തിയില്ല. അക്കാരണത്താൽ അന്ന് പൂരം നടത്തിയിരുന്ന കവളപ്പാറ മൂപ്പിൽ നായർ പൂരം ഉപേക്ഷിക്കുകയുണ്ടായി. ഇതിനെ തുടർന്ന് എല്ലാ ദേശത്തു നിന്നും പതിനായിരക്കണക്കിന് ഭക്തജനങ്ങൾ സംഘടിച്ച് കുതിരയെ കൊണ്ടുവരാൻ പോവുകയും തുടർന്ന് അവിടെ നടന്ന സംഘർഷത്തിൽ പോലീസുകാരടക്കം നൂറുകണക്കിനാളുകൾക്ക് പരിക്ക് പറ്റുകയും ചെയ്‌തിരുന്നു. പൂരത്തിൻറെ പ്രധാന പങ്കു വഹിക്കുന്ന കുതിരയാണ് ഈ  അമ്മ കുതിര. 101 താലപ്പൊലിയും പാണ്ടി മേളവും മൂന്ന് വെളിച്ചപ്പാടുമായി ഈ കുതിരയെ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കുന്നത്. കാണാൻ ധാരാളം സ്‌ത്രീകൾ നാടിൻറെ നാനാ ഭാഗത്തു നിന്നും ഇവിടെ എത്തിച്ചേരുന്നു. 

ഈ കുതിര ക്ഷേത്രത്തിൽ നിന്നും തൊഴുതു കയറിയാൽ പിന്നെ വൈദ്യുതാലങ്കാരങ്ങളുമായി പറയ വേല ഇണകാളകളുമായി ക്ഷേത്രത്തിൻറെ കിഴക്കേ നടയിലെത്തും. കാളകൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമില്ല. ഇതു പോലെ ശിങ്കാരി മേളത്തിനും അകത്തേക്ക് കടക്കാനാവില്ല. ഇതു കഴിഞ്ഞ് വെടിക്കെട്ടോടുകൂടി പകൽ പൂരം സമാപിക്കുന്നു

രാത്രി നാദസ്വര കച്ചേരി, പഞ്ചതായമ്പക, ബാലെ എന്നിവയുണ്ടാകും. രാത്രി രണ്ട് മണിയോടെ എറുപ്പെ ക്ഷേത്ര നടയിൽ നിന്നും പഞ്ചവാദ്യത്തിൻറെ അകമ്പടിയോടെ രാത്രി വേല ഏകദേശം നാല് മണിയോടെ ക്ഷേത്രത്തിൽ എത്തുന്നു. പഞ്ചവാദ്യം കഴിഞ്ഞാൽ വെടിക്കെട്ട്, കമ്പം എന്നിവയും പാണ്ടിമേളവും അരങ്ങു തകർക്കും. ഈ സമയത്ത് കൂത്ത് മാടത്തിൽ ശ്രീരാമപട്ടാഭിഷേകം കൂത്ത് നടക്കുന്നുണ്ടായിരിക്കും.

തുടർന്ന് രാവിലെ 7 മണി മുതൽ രണ്ടു ദിവസങ്ങളിലായി ക്ഷേത്രത്തിലെത്തിയ കുതിരകളുടെ വിടവാങ്ങൽ ചടങ്ങാണ്. ഓരോ കുതിരയെയും മുൻഗണനാ ക്രമത്തിൽ ക്ഷേത്രത്തിൽ തൊഴുകിച്ച് കയറ്റും. ഇങ്ങനെ 13 കുതിരകളെയും ഓരോന്നോരോന്നായി ക്ഷേത്രത്തിൽ വലംവെച്ച് കയറ്റിയാൽ അതോടൊപ്പം തന്നെ ശ്രീരാമ പട്ടാഭിഷേകം പൂർത്തിയായാൽ കൂത്ത് കൂറ വലിക്കും. 21 ദിവസം നീണ്ടു നിന്ന പൂരാഘോഷങ്ങൾക്ക് സമാപ്തിയായി.

പ്രസാദ് കെ ഷൊർണൂർ


Saturday, 1 April 2017

ARYANKAV KUTHIRAKALI DIVASAM


ആരിയങ്കാവ് കുതിരകളി ദിവസം 


വെൺനിലാവിൽ പെയ്തിറങ്ങുന്ന കുതിരകോലങ്ങൾ

മീനം 20 ന് കുതിരകളിയാണ്. ഒരു രാത്രി പൂരം തന്നെയാണ്. സന്ധ്യക്ക്‌ 7 മണി മുതൽ രാത്രി 3 മണിവരെ ഇത്  തുടരും. ത്രാങ്ങാലി ദേശത്ത് നിന്നുള്ള കുതിരകളുടെ വരവോടെ കുതിരകളി തുടങ്ങും. തുടർന്ന് മാന്നന്നൂർ, വെള്ളിയാട്, കവളപ്പാറ - കളേളക്കാട്, ചുടുവാലത്തൂർ, നെടുങ്ങോട്ടൂർ, ഷൊർണുർ, പനയൂർ എന്നീ ദേശങ്ങളിൽ നിന്ന് പഞ്ചവാദ്യം, തകിൽ, ശിങ്കാരി മേളം തുടങ്ങിയ വാദ്യങ്ങളും കുംഭംകളി, പൂക്കാവടി എന്നിവയുടെയും അകമ്പടിയോടെ ആകർഷകമായ വർണ്ണ കുതിരകൾ കാവിലിറക്കുന്നതു കാണാൻ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിനാളുകൾ ക്ഷേത്രത്തിൽ തടിച്ചു കൂടാറുണ്ട്.

പൂരത്തേക്കാൾ ഗംഭീരമായ രാത്രി പൂരമാണ് ഈ  പൊയ് കുതിരകളിയെന്നു പറഞ്ഞാൽ അതിശയോക്തിയില്ല. വിവിധ ദേവി ദേവന്മാരെ മാറിലേറ്റി ക്ഷേത്ര തിരുമുറ്റത്ത് നിരന്നിരിക്കുന്ന കുതിരകളെ ഒന്നിച്ചു കണ്ടാൽ നാം ഒരു ദേവലോകത്താണോ നിൽക്കുന്നത് എന്ന പ്രതീതിയിലാകും. നാടിൻറെ വിവിധ ഭാഗങ്ങളിലും വിദേശത്തുമായി ജോലിക്കു പോയിട്ടുള്ളവർ മുക്കാൽ ഭാഗവും കുതിരകളി ദിവസം തന്നെ തങ്ങളുടെ വീടുകളിലെത്തി കുടുംബാംഗങ്ങളോടൊത്തുചേരുക പതിവാണ്. ആരിയങ്കാവിലെ കുതിരകളിയും നെന്മാറ വല്ലങ്ങി വേലയും മിക്കവാറും ഒരേ ദിവസങ്ങളിലായിരിക്കും നടക്കുക.

പ്രസാദ് കെ ഷൊർണൂർ


Friday, 31 March 2017

ARIYANKAV POORAM ANJAMVELA


ആരിയങ്കാവ് പൂരം അഞ്ചാംവേല



ഷൊറണൂര്‍: കവളപ്പാറ ആരിയങ്കാവില്‍ അഞ്ചാം വേല പൂരത്തിന് അഞ്ചു നാൾ മുമ്പ് നടക്കും. രാത്രി അഞ്ച് ദേശങ്ങളില്‍ നിന്നുള്ള വേലകള്‍ ക്ഷേത്രത്തിലെത്തുന്ന ചടങ്ങാണ് നടക്കുക. മുണ്ടായ, കാരക്കാട്, കൂനത്തറ, ത്രാങ്ങാലി, കയിലിയാട് എന്നീ ദേശങ്ങളില്‍ നിന്ന് വേലകളെത്തും. രാത്രി 10 ഓടെ എത്തുന്ന വേലകളില്‍ പഞ്ചവാദ്യം, മേളം, നാദസ്വരം, തകില്‍ എന്നീ വാദ്യഘോഷങ്ങളാണുണ്ടാവുക. അഞ്ചാം വേലയോടനുബന്ധിച്ച് അതത് ദേശങ്ങളില്‍ പ്രത്യേക പരിപാടികളും നടക്കും. 

കയിലിയാട്ടു നിന്നുള്ള വേലയാണ് ആദ്യം ക്ഷേത്രത്തിലെത്തുക. ഇതിനുശേഷം മറ്റ് വേലകള്‍ ഓരോന്നായി ക്ഷേത്രാങ്കണത്തിലേക്ക് പ്രവേശിക്കും. ക്ഷേത്രത്തില്‍ ചിന്തുപാട്ട്, പഞ്ചതായമ്പക എന്നീ പരിപാടികളും നടക്കും. അഞ്ചാം വേലയ്ക്കു ശേഷം വരുന്ന ദിവസങ്ങളില്‍ പൂരം വിളിച്ചറിയിച്ച് പൂതന്‍, കുമ്മാട്ടി, വെള്ളാട്ട്, നായാടി എന്നിവ വീടുകളില്‍ കയറിയിറങ്ങും. 96 ദേശങ്ങളിലാണ് പൂരം ആഘോഷിക്കുന്നതെന്നാണ് വിശ്വാസം.


പ്രസാദ് കെ ഷൊർണുർ


Wednesday, 29 March 2017

ARIYANKAV POORAM KODIYETTAM


ആരിയങ്കാവ് പൂരം കൊടിയേറ്റം


മീനം പതിനഞ്ചിന് വൈകുനേരം അഞ്ചു മണിക്ക് വാദ്യമേളങ്ങളും കതിന വെടികളുമായി ഭക്തസാഗരത്തിൽ പൂരം കൊടിയേറും. പൂരം കൊടിയേറ്റുന്നതിനുള്ള അവകാശം ഇന്ന് മാരിയിൽ ഭാസ്‌ക്കരൻ നായർക്കാണ്. ഇതോടെ ദേശങ്ങൾ പൂര ലഹരിയിലാകും.


പ്രസാദ് കെ ഷൊർണുർ


Sunday, 26 March 2017

ARIYANKAV 96 DESHANGAL


 ആരിയങ്കാവ് 96 ദേശങ്ങൾ 



തൊണ്ണൂറ്റിയാറു ദേശങ്ങൾ ഉൾക്കൊണ്ടതായിരുന്നു കവളപ്പാറ തട്ടകമെന്ന് പറയുന്നു. എന്നാൽ ഏതൊക്കെയാണ് ഈ ദേശങ്ങളെന്നു മുഴുവനായി പറയാൻ പ്രയാസമാണ്. കണ്ണിയംപുറം തോട് തൊട്ട് ഓങ്ങല്ലൂർ മാട് വരെയും, മുണ്ടക്കോട്ടുകുറിശ്ശി തൊട്ട് ഭാരതപുഴയോരം വരെയും കണക്കാക്കിയാൽ, ഒരു ഏഴോ എട്ടോ ചതുരശ്ര നാഴികക്കകത്ത് മുപ്പതോളം ദേശങ്ങളേയുള്ളൂ. ഒരു പക്ഷേ ബ്രിട്ടീഷുകാർ എ ഡി 1891 കാലത്തു നടത്തിയ ദേശ പുനഃസംഘടനയിൽപ്പെട്ട് ചില ചെറു ദേശങ്ങൾ ഇല്ലാതായതുമാകാം.

തൊണ്ണൂറ്റിയാറു ദേശങ്ങളെക്കുറിച്ചുള്ള സങ്കൽപ്പം ഒരു വിശുദ്ധ തടക്കമെന്നതാകാനാണ് സാദ്ധ്യത. കൊടുങ്ങല്ലൂരിലും തട്ടക ദേശങ്ങൾ തൊണ്ണൂറ്റിയാറാണെന്ന് പറയുന്നു. ഏതായാലും ആരിയങ്കാവിലേക്കുള്ള കുതിര വരവിന്റെ പ്രദേശ വിസ്തൃതി നോക്കിയാൽ; ഒറ്റപ്പാലം തൊട്ട് പട്ടാമ്പിക്കടുത്ത് ഓങ്ങല്ലൂർ വരെയും, കയിലിയാട്ട് കാവിൽ നിന്നും വരുന്ന കുതിരയും അടക്കം മുപ്പത്തിനടുത്ത ദേശങ്ങളേയുള്ളു.

പിന്നെ മേലാർക്കോടിലെയും, പുതിയങ്കം, കാട്ടുശ്ശേരി പ്രദേശങ്ങളും, പഴമ്പാലക്കോടു ഭാഗത്തെ ദേശങ്ങളും ഇതിൽ ഉൾപ്പെടുത്തിയാൽ കവളപ്പാറ നായർക്ക് തൊണ്ണൂറ്റിയാറു ദേശങ്ങൾ തികയ്ക്കാം. പക്ഷേ അതൊന്നും ആരിയങ്കാവു തട്ടകത്തിന്റെ ഭാഗമായി ഗണിക്കാൻ സാധ്യമല്ല. 


പടക്ക് ശേഷം പടയാളികൾ തങ്ങളുടെ ദേശത്തെ പ്രധാന ക്ഷേത്രത്തിൽ ഒത്തു ചേർന്ന് കുതിരകളെ മേയുവാൻ വിട്ടിരുന്നതിൻറെ ഓർമ്മ പുതുക്കലത്രെ ആര്യങ്കാവ് പൂരത്തിലെ കുതിരകൾ.


പ്രസാദ് കെ ഷൊർണുർ 


Tuesday, 21 March 2017

ARIYANKAVIL 21 DIVASAM


ആരിയങ്കാവിൽ 21 ദിവസം


തോൽ പാവ കൂത്ത്

വള്ളുവനാട്ടിലെ പ്രസിദ്ധമായ കവളപ്പാറ സ്വരൂപത്തിൻ കീഴിലുള്ള ആരിയങ്കാവിൽ പൂരാഘോഷങ്ങൾ എല്ലാ വർഷവും മീനം 1 മുതൽ 21 വരെയാണ് നടന്നു വരുന്നത്. ഇക്കാലത്ത് ദിവസവും കളമെഴുതിപ്പാട്ടും കലാപരിപാടികളും കൂത്തും ഭക്തരുടെ വഴിപാടായി ഉണ്ടായിരിക്കുന്നതാണ്. നിറമാല കഴിഞ്ഞാൽ രാമായണം കഥ ശ്രീരാമൻറെ ജനനം മുതൽ രാവണവധം കഴിഞ്ഞ് ശ്രീരാമപട്ടാഭിഷേകം വരെയുള്ള കഥകൾ തോപ്പാവക്കൂത്തിലൂടെ കൂത്തുമാടത്തിൽ നടക്കും. രാമായണം കഥ പൂർണ്ണമായും തോൽപ്പാവക്കൂത്തിലൂടെ അവതരിപ്പിക്കുന്ന കേരളത്തിലെ ഏക ദേവീക്ഷേത്രം ആരിയങ്കാവാകുന്നു. 

കവളപ്പാറ ആരിയങ്കാവ്‌ കൂത്തുമാടത്തിൽ നടക്കുന്ന ഇരുപ്പത്തിയൊന്ന് ദിവസത്തെ  രാമായണം തോൽപ്പാവക്കൂത്തിൽ ഓരോ ദിവസവും അവതരിപ്പിക്കുന്ന കഥകൾ താഴെ കാണുന്നവയാണ്.

1.  ശ്രീരാമാവതാരം 

2.  യാഗരക്ഷ, വിദ്യാഭ്യാസം 

3.  സീതാകല്യാണം 

4.  പട്ടാഭിഷേക വിഘ്‌നം 

5.  ഭരതൻറെ പുറപ്പാട് 

6.  ജടായുദർശനം

7.  ശൂർപ്പണക നാസിക ഛേദനം 

8.  ഖരവധം 

9.  സീതാപഹരണം 

10. ജടായു, ശബരി, കബന്ധ, മോക്ഷം 

11. ബാലി - സുഗ്രീവ യുദ്ധം 

12. സുഗ്രീവ രാജനീതി  

13. ലങ്കാദഹനം 

14. വിഭീഷണോപദേശം 

15. സേതുബന്ധനം 

16. കുംഭകർണ്ണവധം

17. അതികായവധം 

18. ഗരുഡപരുന്ത് 

19. ഇന്ദ്രജിത്ത് വധം 

20. രാവണവധം 

21. ശ്രീരാമ പട്ടാഭിഷേകം   

വള്ളുവനാട്ടിൽ  പ്രചാരമുള്ള കലാരൂപമാണ്‌ തോല്‍പ്പാവക്കൂത്ത്‌. തുകല്‍കൊണ്ടുള്ള പാവകള്‍ ഉപയോഗിച്ചു നടത്തുന്ന നിഴല്‍ നാടകമാണിത്‌. ഭഗവതിയെ ആരാധിക്കാനാണ്‌ തോല്‍പ്പാവക്കൂത്തു നടത്തുന്നത്‌. പ്രത്യേകം നിര്‍മിച്ച കൂത്തുമാടങ്ങളിലാണ്‌ ഈ കലാരൂപം അരങ്ങേറുന്നത്‌. ഭഗവതീക്ഷേത്രപരിസരങ്ങളിലാണ്‌ കൂത്തുമാടങ്ങള്‍ ഉണ്ടാവുക. രാത്രി മുതല്‍ പുലര്‍ച്ചെ വരെയാണ്‌ കൂത്തു നടത്തുന്നത്‌.

തോല്‍പ്പാവക്കൂത്തിന്റെയും പാവനിര്‍മ്മാണത്തിന്റെയും വിശദാംശങ്ങളറിയാന്‍ ഏറ്റവും ഉചിതമായ സ്ഥാപനമാണ്‌ ഷൊര്‍ണ്ണൂരിനടുത്ത്‌ കൂനത്തറയിലുള്ള കൃഷ്‌ണന്‍കുട്ടി പുലവര്‍ സ്‌മാരക തോല്‍പ്പാവക്കൂത്ത്‌ കേന്ദ്രം. പാവക്കൂത്തു കലാകാരനായ കൃഷ്‌ണന്‍കുട്ടി പുലവരുടെ സ്‌മാരകമാണിത്‌. പുലവര്‍ എന്നവാക്കിനര്‍ത്ഥം ഗുരു, പണ്ഡിതന്‍ എന്നൊക്കെയാണ്‌.

തോല്‍പ്പാവക്കൂത്തിന്റെയും പാവനിര്‍മ്മാണത്തിന്റെയും വിശദാംശങ്ങളറിയാന്‍ ഏറ്റവും ഉചിതമായ സ്ഥാപനമാണ്‌ ഷൊര്‍ണ്ണൂരിനടുത്ത്‌ കൂനത്തറയിലുള്ള കൃഷ്‌ണന്‍കുട്ടി പുലവര്‍ സ്‌മാരക തോല്‍പ്പാവക്കൂത്ത്‌ കേന്ദ്രം. പാവക്കൂത്തു കലാകാരനായ കൃഷ്‌ണന്‍കുട്ടി പുലവരുടെ സ്‌മാരകമാണിത്‌. പുലവര്‍ എന്നവാക്കിനര്‍ത്ഥം ഗുരു, പണ്ഡിതന്‍ എന്നൊക്കെയാണ്‌.

ഇന്ന്‌ ബാക്കി നില്‍ക്കുന്ന ഏതാനും പാരമ്പര്യ തോല്‌പാവക്കൂത്തു കുടുംബങ്ങളിലെ അംഗങ്ങളാണ്‌ ഈ കേന്ദ്രത്തിലെ കൂത്തുസംഘത്തിലുള്ളത്‌. കൃഷ്‌ണന്‍കുട്ടി പുലവരുടെ മൂത്ത മകന്‍ കെ. കെ. രാമചന്ദ്ര പുലവരാണ്‌ കേന്ദ്രത്തിന്റെ മേധാവി. മൃഗചര്‍മത്തില്‍ നിന്നു പാവകള്‍ ഉണ്ടാക്കാനും അവ ഉപയോഗിച്ച്‌ കൂത്തു നടത്താനും തങ്ങളുടെ പാരമ്പര്യകല നിലനിര്‍ത്താനും ഈ കലാകേന്ദ്രം ശ്രമിക്കുന്നു.


പ്രസാദ് കെ ഷൊർണുർ


Wednesday, 15 March 2017

ARYANKAV POORAM KOORAYIDAL


ആരിയങ്കാവ് പൂരം കൂറയിടൽ 


തൊണ്ണൂറ്റിയാറ് ദേശങ്ങളുടെ പൂരം എന്നറിയപ്പെടുന്ന ആരിയങ്കാവ് പൂരത്തിന് എല്ലാവർഷവും മീനമാസം 1-ആം തിയ്യതി പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ ഷൊറണൂരിനടുത്തുള്ള കവളപ്പാറ ആരിയങ്കാവ് ഭഗവതിക്ഷേത്രത്തിൽ കൂത്ത് കൂറയിടൽ നടന്നുവരുന്നു.

മീനം 1 ന് പറയ വേല കാവിലെത്തുന്നതോടെ പൂരാഘോഷങ്ങൾക്ക് തുടക്കമായി.
(അവകാശം പറയ സമുദായത്തിന്). ഇതോടെ തോൽപാവകൂത്ത് കൂറയിടുക എന്ന ചടങ്ങിന് തുടക്കമായി.


പ്രസാദ് കെ ഷൊർണൂർ


Sunday, 5 March 2017

ARYANKAV PRATHISHTTA BAGAVATHI


ആര്യങ്കാവ് പ്രതിഷ്ഠ ഭഗവതി


കാളീം, മേഘസമപ്രഭാം, ത്രിനയനാം,
വേതാള കണ്ട സ്ഥിതാം
ഖഡ്ഗം ഖേട കപാല ദാരുകശിര: 
കൃത്വാ കരാഗ്രേഷുച,
ഭൂതപ്രേത പിശാച മാതൃ സഹിതാം
മുണ്‍ഡസ്രജാലംകൃതാം
വന്ദേ, ദുഷ്ട മസുരികാ ദിവിപദാം
സംഹരിണി, മീശ്വരീം.


ഭക്തൻറെ പ്രാർത്ഥനക്കൊപ്പം കൂടെവന്ന ദേവിയാണ് കവളപ്പാറയിലെ ആര്യങ്കാവിലമ്മ എന്നാണ് ഇന്നും  വിശ്വാസം. നൂറ്റാണ്ടുകൾക്ക് മുമ്പ് കൊല്ലം ജില്ലയിലെ ആര്യങ്കാവ് ചുരവുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം. മിഥുനമാസത്തിലെ ഉത്രട്ടാതി നാളിലാണ് പ്രതിഷ്ഠാ ദിനം.

വേണാട് വാണ പെരുമാൾമാരിൽ അവസാനത്തെയാളാണ് രാമവർമ കുലശേഖരപെരുമാൾ. 1090 മുതൽ 1102 വരെ ഇദ്ദേഹം ഭരണം നടത്തിയിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളിൽ പറയുന്നു. ഒരിക്കൽ ഇദേഹം തന്റെ ഏറ്റവും വിശ്വസ്തനായ ഒരു അംഗരക്ഷകനെ രഹസ്യമായി ഒരു അടിയന്തിര സന്ദേശം നൽകി പാണ്ഡ്യരാജാവിന്റെ അടുത്തേക്കയ്ച്ചു. കൊല്ലം ചെങ്കോട്ട വഴി ആര്യങ്കാവു ചുരത്തിലൂടെ വളരെ രഹസ്യമായി മധുരയിൽ  എത്തിച്ചേരണം. ഏകനായി കുതിരപ്പുറത്ത് യാത്ര ചെയ്യാൻ നിർബന്ധിതാനായ അംഗരക്ഷകൻ പകൽപ്പോലും ഇരുട്ടു നിറഞ്ഞ കാട്ടിലൂടെ ബഹുദൂരം പിന്നിട്ടു. കുളമ്പടി ശബ്ദം കേട്ട് ആ കൊടുങ്കാട്ടിൽ തമ്പടിച്ചിരുന്ന പതിനഞ്ചൊളം കൊള്ളക്കാർ കുതിരയെ വളഞ്ഞു. 

കൊള്ളക്കാരുടെ കയ്യിൽ നിറയെ മാരകായുധങ്ങളാണ്. തന്റെ കയ്യിലുള്ള രഹസ്യ സന്ദേശം നശിപ്പിക്കപ്പെട്ടാൽ, അതുണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകൾ ഓർത്തപ്പോൾ അയാൾ വിറച്ചു പോയി. ഏതായാലും മരണം തീർച്ചപ്പെടുത്തി. വിയർത്തുകുളിച്ചു. കാട്ടിലെ കാവൽ ദേവതയായ ആര്യങ്കാവിലമ്മയെ ഉറക്കെവിളിച്ചു. അമ്മേ...... അമ്മേ...... രക്ഷിക്കണേ...... കുതിരപ്പുറത്തു നിന്ന് ഇറങ്ങിയില്ല. കൊള്ളക്കാർ അടുത്തെത്തി. അമ്മേ...... ഉറക്കെ നിലവിളിച്ചു. കാട്ടിൽ ആ ശബ്ദം മാറ്റൊലി കൊണ്ടു. 

അൽപ്പസമയത്തിനകം ദൂരെ നിന്നും കുതിര കുളമ്പടി നാദം അടുത്തു വരുന്നു. അശ്വാരൂഡരായ കുറെ ഭടന്മാർ കയ്യിൽ വാളുകളുമായി എത്തി. കൊള്ളക്കാരുമായി ഏറ്റുമുട്ടി. ഈ തക്കം നോക്കി യുവാവ് തന്റെ കുതിരയെ അതിവേഗത്തിൽ ഓടിച്ചു മധുരയിലെത്തി. സന്ദേശം നൽകി മറുപടിയും വാങ്ങി മറ്റൊരു വഴിയിലൂടെ തിരിച്ചെത്തി. വിവരങ്ങളെല്ലാം പെരുമാളിനെ അറിയിച്ചു. മധുരയിലെ മറുപടി നമ്മുക്കനുകൂലമാണ്. സാരമില്ല. അദ്ദേഹം പറഞ്ഞു സമാധാനപെടുത്തി.

അൽപ്പസമയത്തിനകം അദ്ദേഹം രത്നം പതിച്ച ഒരു വാളുമായി വന്നു. ഇതാ ആ വാൾ എടുത്തുകൊള്ളു. എന്നിട്ട് അദേഹത്തോടായി പറഞ്ഞു. ഭാരതപുഴക്കക്കരെ നിന്നും എന്ത് ത്യാഗം സഹിച്ചും ആവശ്യമുള്ള സ്ഥലം വെട്ടിപിടിച്ച് അവിടെ നാടുവാഴിയായി വാഴുക. അമ്മ കൂടെ ഉണ്ടാവും. പിന്നെ ഒട്ടും താമസിച്ചില്ല. രത്നകവചിതമായ വാളുമായി വടക്കോട്ടു യാത്രയായി. നിളാനദിയുടെ വടക്കെകരയിൽ കൊച്ചിയുടെ അതിർത്തിയിൽ സാമൂതിരിയുടെ കുറെ സ്ഥലം വെട്ടിപിടിച്ച് നാടുവാഴിയായി വാണു തുടങ്ങി. വലിയൊരു കൊട്ടാരവും പണി കഴിപ്പിച്ചു. ഇതിനാവശ്യമായ എല്ലാ സഹായവും പെരുമാൾ ചെയ്തു കൊടുത്തു.

തന്റെ ഇന്നത്തെ ഉന്നതിക്ക് കാരണക്കാരിയായ ആര്യങ്കാവു ചുരത്തിലെ ദേവിയെ അദ്ദേഹം മനസാ ആരാധിച്ചു തുടങ്ങി. അവിടെ നിന്നും ദേവിയെ തന്റെ രാജ്യത്തിലേക്ക് കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ആര്യങ്കാവു ചുരത്തിലെത്തി വൃതമാരംമ്പിച്ചു. തപസ്സു ചെയ്ത് ദേവിയെ പ്രത്യക്ഷപ്പെടുത്തി. തന്നെ സഹായിച്ച ദേവി തന്റെ നാട്ടിലെക്കെഴുന്നള്ളമെന്നും തന്റെ പരദേവതയായി വാഴണമെന്നും അപേക്ഷിച്ചു. ദേവി സമ്മതിച്ചു. ' നടന്നോള്ളൂ ഞാൻ പിറകെ ഉണ്ട്.' ഭാരതപുഴവരെ ദേവിയെത്തി. 

ഭാരതപ്പുഴയിൽ നീരാട്ടു നടത്തുകയായിരുന്ന ഏതോ മനക്കലെ മൂന്നു കൊമ്പനാനകൾ ദേവിയുടെ രൂപം കണ്ട് പരിഭ്രാന്തരായി. ദേവിയെ ആക്രമിക്കാനോരുങ്ങി. ദേവിയുടെ കണ്ണിൽ നിന്നും ഉയര്ന്ന തീപ്പൊരി മൂന്നാനകളെയും നിർവീര്യമാക്കി. ഇവ പാറക്കൂട്ടമായി മാറിയത്രെ. ഇതോടെ ദേവി ആന വിരോധിയായി എന്ന് പറയപ്പെടുന്നു.

താന്ത്രികനായ കല്ലൂർ നമ്പൂതിരിപ്പാടിന്റെ നിർദേശമനുസരിച്ച് തന്റെ കൊട്ടാരത്തിൽ ദേവിയെ ക്ഷേത്രം പണിത് കുടിവെച്ചു. അതാണ്‌ പ്രസിദ്ധമായ ആര്യങ്കാവ് ഭഗവതി ക്ഷേത്രം.


പ്രസാദ് കെ ഷൊർണുർ


Sunday, 26 February 2017

ARYANKAV POORAM KAVALAPPARA


ആര്യങ്കാവ് പൂരം കവളപ്പാറ 


1970 മുതല്‍ ക്ഷേത്രത്തില്‍ പൂരം നടത്തുന്നത് ജനകീയ കമ്മിറ്റിയാണ്. കവളപ്പാറ സ്വരൂപത്തിന്റെ പരദേവതയായ ആര്യങ്കാവിലമ്മയുടെ പൂരം 96 ദേശത്തിലായി വ്യാപിച്ചു കിടക്കുന്നതാണ്. തെക്ക് ഭാരതപ്പുഴ മുതല്‍ വടക്ക് മുണ്ടക്കോട്ടുകുറുശ്ശി വരെയും കിഴക്ക് കണ്ണിയംപുറം തോട് മുതല്‍ പടിഞ്ഞാറ് ഓങ്ങല്ലൂര്‍ തോടുവരെയുള്ളതാണ് 96 ദേശം. ആനകള്‍ക്ക് പകരം പൊയ്കുതിരകള്‍ അണിനിരക്കുന്ന വള്ളുവനാട്ടിലെ പൂരപ്പെരുമയുള്ള ക്ഷേത്രങ്ങളിലൊന്നാണ് കവളപ്പാറ ആര്യങ്കാവ്.

തൊണ്ണൂറ്റിയാറ് ദേശങ്ങളുടെ പൂരം എന്നറിയപ്പെടുന്ന ആരിയങ്കാവ് പൂരം എല്ലാവർഷവും മീനമാസം 21-ആം തിയ്യതി പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിൽ ഷൊറണൂരിനടുത്തുള്ള കവളപ്പാറ ആരിയങ്കാവ് ഭഗവതിക്ഷേത്രത്തിൽ നടന്നുവരുന്നു. കവളപ്പാറ, ചെറുകാട്ടുപുലം, കൂനത്തറ വടക്കുംമുറി, കൂനത്തറ തെക്കുംമുറി, ത്രാങ്ങാലി, മാന്നന്നൂർ, ചുഡുവാലത്തൂർ, ഷൊറണൂർ, നെടുങ്ങോട്ടൂർ, പനയൂർ, കള്ളേക്കാട് എന്നീ തട്ടകങ്ങളിൽനിന്ന് ആർപ്പുവിളികളുമായി പൊയ്ക്കുതിരകളേയും കൊണ്ട് തട്ടകദേശക്കാർ പൂരത്തിൽ പങ്കാളികളാവുന്നു. ഇവരുടെ കുതിരക്കളി കഴിഞ്ഞതിനുശേഷം താലപ്പൊലി, മേളം, കോമരങ്ങൾ എന്നിവയുടെ അകമ്പടിയോടെ കാരക്കാട് ദേശത്തിന്റെ മുണ്ടായ കൊടിച്ചി എന്ന പെൺകുതിരയെ ക്ഷേത്രാങ്കണത്തിലേക്ക് ആനയിക്കുന്നു.

മുണ്ടായ കൊടിച്ചി ക്ഷേത്രമുറ്റത്തെത്തി കളിച്ചിറങ്ങിയതിനുശേഷം തട്ടകദേശങ്ങളിലെ ഹരിജനങ്ങളുടെ പൂതൻ, തിറ, വെള്ളാട്ട്, ഇണക്കാളകൾ എന്നിവ ഭഗവതിയെ തൊഴുതിറങ്ങുന്നു. തുടർന്ന് ചെറിയ വെടിക്കെട്ടോടെ പകൽ്പ്പൂരം സമാപിക്കുന്നു. സാധാരണ വേലപൂരങ്ങളിലേതുപോലെ ആനയെഴുന്നള്ളിപ്പ് ഇവിടെയില്ല എന്നത് ശ്രദ്ധേയമാണ്. രാത്രിയിൽ ക്ഷേത്രമുറ്റത്ത് വിവിധ കലാസാംസ്കാരിക പരിപാടികൾ, കൂത്തുമാടത്തിൽ ശ്രീരാമപട്ടാഭിഷേകം തോല്പ്പാവക്കൂത്ത് എന്നിവ അരങ്ങേറുന്നു.


പ്രസാദ് കെ ഷൊർണുർ


Sunday, 19 February 2017

ARYANKAV KSHETHRAM SHORANUR


ആര്യങ്കാവ് ക്ഷേത്രം ഷൊർണുർ


നൂറ്റാണ്ടുകള്‍ക്കുമുമ്പ് കൊല്ലം ജില്ലയിലെ ആര്യങ്കാവ് ചുരവുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം. ഭക്തന്റെ പ്രാര്‍ഥനയ്‌ക്കൊപ്പം കൂടെവന്ന ദേവിയാണ് കവളപ്പാറയിലെ ആര്യങ്കാവിലമ്മയെന്നാണ് വിശ്വാസം. മിഥുനമാസത്തിലെ ഉത്രട്ടാതിനാളിലാണ് പ്രതിഷ്ഠാദിനം. കവളപ്പാറ സ്വരൂപത്തിന്റെ കീഴിലായിരുന്നു ക്ഷേത്രം. 1964 മുതല്‍ അവകാശം സംബന്ധിച്ച് കേസ് വന്നതോടെ നിലവില്‍ റിസീവര്‍ക്ക് കീഴിലാണ് ക്ഷേത്രഭരണം. അഡ്വ. കെ.പി. മോഹന്‍കുമാറാണ് റിസീവര്‍. 

കന്നിമാസത്തിലെ അവസാനത്തെ കൊടിയാഴ്ചയാണ് ക്ഷേത്രതാലപ്പൊലി. ദാരികവധംപാട്ടാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട്. നിത്യേന ദാരികവധംപാട്ട് നടത്തുന്ന കേരളത്തിലെ ചുരുക്കം ക്ഷേത്രങ്ങളിലൊന്നാണ് ആര്യങ്കാവ് ക്ഷേത്രം. കല്ലൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി. കര്‍ണാടക സ്വദേശി ഗോപാലകൃഷ്ണ ഭട്ടാണ് മേല്‍ശാന്തി. മീനം ഒന്നുമുതല്‍ 21 വരെയാണ് ക്ഷേത്രത്തിലെ പൂരം.

പൂരകാലത്ത് ശ്രീരാമജനനം മുതല്‍ പട്ടാഭിഷേകംവരെ പൂര്‍ണരാമായണം തോല്പാവക്കൂത്ത് നടത്തും. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ആദ്യമായി തോല്പാവക്കൂത്ത് ആരംഭിച്ചതും ഇവിടെയാണെന്ന് വിശ്വാസമുണ്ട്. 382-ാമത്തെ കൊല്ലമാണ് ഇവിടെ തോല്പാവക്കൂത്ത് അരങ്ങേറുന്നതെന്ന് പറയുന്നു.1970 മുതല്‍ ക്ഷേത്രത്തില്‍ പൂരം നടത്തുന്നത് ജനകീയ കമ്മിറ്റിയാണ്. കവളപ്പാറ സ്വരൂപത്തിന്റെ പരദേവതയായ ആര്യങ്കാവിലമ്മയുടെ പൂരം 96 ദേശത്തിലായി വ്യാപിച്ചു കിടക്കുന്നതാണ്. തെക്ക് ഭാരതപ്പുഴ മുതല്‍ വടക്ക് മുണ്ടക്കോട്ടുകുറുശ്ശി വരെയും കിഴക്ക് കണ്ണിയംപുറം തോട് മുതല്‍ പടിഞ്ഞാറ്് ഓങ്ങല്ലൂര്‍ തോടുവരെയുള്ളതാണ് 96 ദേശം.

ആനകള്‍ക്ക് പകരം പൊയ്കുതിരകള്‍ അണിനിരക്കുന്ന വള്ളുവനാട്ടിലെ പൂരപ്പെരുമയുള്ള ക്ഷേത്രങ്ങളിലൊന്നാണ് കവളപ്പാറ ആര്യങ്കാവ്. കുളപ്പുള്ളി-പാലക്കാട് സംസ്ഥാന പാതയില്‍ കൂനത്തറയില്‍ നിന്ന് തെക്കുമാറി ഒരു കിലോമീറ്റര്‍ അല്ലെങ്കില്‍ ഷൊറണൂര്‍ ജങ്ഷനില്‍ നിന്ന് പൊതുവാള്‍ ജങ്ഷനിലെത്തി കിഴക്ക് 5 കി.മീ. വഴിയും ക്ഷേത്രത്തിലെത്താം.


പ്രസാദ് കെ ഷൊർണുർ


Monday, 13 February 2017

KAVALAPPARA THE SWAROOPAM


കവളപ്പാറ എന്ന സ്വരൂപം 


ഐതിഹ്യമനുസരിച്ച് പറയിപെറ്റ പന്തിരുകുല കഥയിലെ ഏക  പെണ്‍സന്തതിയായ കാരയ്ക്കല്‍ മാതാവിന്റെ വംശപരമ്പരയുമാണ് കവളപ്പാറ സ്വരൂപം. ചേരകാല മലയാളക്കരയിലെ പതിനെട്ടു നാടുകളിലൊന്നായ പ്രാചീന നെടുങ്ങനാടിന്റെ കീഴിലെ പ്രബലനായ നായര്‍ പ്രഭുവായിരുന്നു കവളപ്പാറ മൂപ്പില്‍നായര്‍. കേരള ചരിത്രത്തിലെ സമാനതകളില്ലാത്തൊരു രാജവംശമായിരുന്നു കവളപ്പാറ മൂപ്പില്‍ നായരുടേത്. നെടുങ്ങനാട്ടിലെ മറ്റുനായര്‍ പ്രഭുക്കളില്‍ ഏറ്റവും സമ്പന്നനായിരുന്നു കവളപ്പാറ മൂപ്പില്‍ നായര്‍.

ഒരു ദേശവാഴിക്കുവേണ്ട സകല സ്ഥാന ചിഹ്നങ്ങളും മൂപ്പില്‍ നായര്‍ക്കുണ്ടായിരുന്നു.   ' ഒന്നു കുറെ ആയിരത്തില്‍ ' എന്ന പദവിയുമുണ്ടായിരുന്നു എന്നും കാണുന്നു. ചരിത്ര പ്രസിദ്ധമായ കവളപ്പാറ അന്തിമഹാകാളന്‍ കോട്ടയില്‍ ആയിരത്തില്‍ ഒന്നു കുറവ് (999) നായര്‍ പടയാളികള്‍ എന്നും കാവലുണ്ടായിരുന്നതിലാണത്രെ  ഈ പദവി കൈവന്നത്.

ഒറ്റപ്പാലം കണ്ണിയാമ്പുറം തോടുതൊട്ട് പട്ടാമ്പി ഓങ്ങല്ലൂര്‍ മാടുവരെ തൊണ്ണൂറ്റിയാറ് ദേശങ്ങളിലായി മൂപ്പില്‍ നായരുടെ ദേശസാമ്രാജ്യം വ്യാപിച്ചുകിടന്നു. ആധുനിക കവളപ്പാറയുടെ ശില്പിയായി അറിയപ്പെടുന്ന കേണല്‍ അപ്പുക്കുട്ടനുണ്ണി നായരുടെ കാലം വരെ (1910-1925) കവളപ്പാറ സ്വരൂപം സകലപ്രതാപത്തോടും കൂടി നെടുങ്ങനാടിന്റെ നിളാതീരം വരെ അടക്കിവാണു.

തെക്കേമലബാറിലൊരിടത്തും വൈദ്യുതിയെത്തിയിട്ടില്ലാത്ത കാലത്ത്  ബ്രിട്ടീഷുകാരുടെ പ്രത്യേകാനുമതിയോടുകൂടി ഇറക്കുമതി ചെയ്ത നാല് ജനറേറ്റര്‍ സ്ഥാപിച്ച്  കൊട്ടാര പരിസരമൊന്നാകെ രാവുപക ലാക്കി മാറ്റിയിരുന്നുവത്രെ കേണല്‍ മൂപ്പില്‍ നായര്‍. വിദേശികള്‍ക്കുവേണ്ടി പ്രത്യേകം പണിതീര്‍ത്ത അഷ്ടകോണ്‍ അതിഥിമന്ദിരം ചിത്രശില്പ വിസ്മയങ്ങള്‍ നിറഞ്ഞ് ഇന്ദ്രസഭാ സമാനമായിരുന്നു.


പ്രസാദ്  കെ ഷൊർണൂർ 


Sunday, 5 February 2017

VALLUVANAD ONE NAATTURAJYAM


വള്ളുവനാട് ഒരു നാട്ടുരാജ്യം


കേരളത്തിലെ ഒരു പഴയ നാട്ടുരാജ്യമാണ് വള്ളുവനാട്. രണ്ടാം ചേരസാമ്രാജ്യത്തോളം തന്നെ ചരിത്രമുള്ള വള്ളുവനാടിന് വല്ലഭക്ഷോണീ എന്ന സംസ്കൃത നാമമുണ്ട്. പത്താം ശതകത്തിൽ ജീവിച്ചിരുന്ന രാജശേഖരനാണ് ഈ വംശത്തിന്റെ സ്ഥാപകൻ. വള്ളുവനാടിന്റെ ആദ്യ തലസ്ഥാനം വള്ളുവനഗരം (ഇന്നത്തെ അങ്ങാടിപ്പുറം) ആയിരുന്നു. വള്ളുവനാട്ടുരാജാവിനെ വള്ളുവക്കോനാതിരി എന്നു വിളിക്കുന്നു. ബ്രിട്ടീഷുകാർ മലബാർ കയ്യടക്കിയപ്പോൾ അന്നത്തെ എല്ലാ നാട്ടുരാജാക്കന്മാർക്കുമെന്നപോലെ വള്ളുവനാട്ടു രാജാവിനും മാലിഖാൻ ഏർപ്പെടുത്തി അധികാരങ്ങൾ ഇല്ലാതാക്കി.

സ്വാതന്ത്ര്യപൂർവ്വ മദിരാശി സംസ്ഥാനത്തിന്റെ മലബാർ ജില്ലയിൽ, പഴയ വള്ളുവനാടിന്റെ തെക്കൻ പ്രദേശങ്ങളേയും പഴയ നെടുങ്ങനാടിന്റെ   ഭാഗങ്ങളായിരുന്ന ഒറ്റപ്പാലം, ഷൊറണൂർ, ചെർപ്പുളശ്ശേരി മുതലായ ഇന്നത്തെ പട്ടണങ്ങളുടെ സമീപ പ്രദേശങ്ങളേയും ഉൾക്കൊള്ളിച്ചു കൊണ്ട് വള്ളുവനാട് എന്ന പേരിൽ ഒരു താലൂക്ക് നിലവിലുണ്ടായിരുന്നതു കൊണ്ട് ഈ പ്രദേശങ്ങൾ മുഴുവനുമായും ഇന്ന് വള്ളുവനാട് എന്ന പേരിൽ അനൗദ്യോഗികമായി അറിയപ്പെടുന്നുണ്ട്.

പാരമ്പര്യ സംസ്കൃതിയാലും, സാംസ്കാരിക പൈതൃകത്താലും കേരളത്തിന് ഒരു അലങ്കാരമായി ഇന്നും വള്ളുവനാട് നില കൊള്ളുന്നു. അറകളും നിറകളും പത്തായങ്ങളും ഉള്ള വീടുകളും, വാസ്തുശില്പിയുടെ വൈദഗ്ധ്യം ഓതുന്ന നാലുകെട്ടുകളും അവയുടെ പത്തായപ്പുരകളും പടിപ്പുരകളും ഒരുകാലത്തു വള്ളുവനാട്ടില്‍ ഏറെ തലയുയര്‍ത്തി നിന്നിരുന്നു. ആതിഥ്യ മര്യാദയിലും ഭാഷാ ശൈലിയിലും വേറിട്ടു നില്ക്കുന്നു വള്ളുവനാട്. ക്ഷേത്രങ്ങളാലും പള്ളികളാലും സമ്പന്നമായ വള്ളുവനാട് മതമൈത്രിയിലും പേരുകേട്ട നാടാണ്.

നെല്ലറയായ പാലക്കാടിന്റെ വിരിമാറിലൂടെ അറബിക്കടലിലെത്തും വരെ സംഗീതം മൂളിയും, ചിലങ്കകള്‍ കിലുക്കി നൃത്തമാടിയും ഒഴുകുന്ന നിളാ നദിയാല്‍ അലങ്കൃതമായ വള്ളുവനാട്, കൈരളിയെ സമ്പന്നമാക്കിയ മലയാളത്തിലെ പല പ്രശസ്തരായ കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും ജന്മമേകി. തമിഴ് നാട്ടിലെ ആനമലയില്‍ നിന്നും ആരംഭിച്ച് പൊന്നാനിയില്‍ അറബിക്കടലില്‍ ചേരുന്ന നിള  കേരളത്തിലെ രണ്ടാമത്തെ വലിയ നദിയാണ്. നിറഞ്ഞൊഴുകിയാലും, നീര്‍ച്ചാലായാലും നിളയുടെ തീരത്തെ സാംസ്ക്കാരിക പാരമ്പര്യം വള്ളുവനാടിന്റെ മഹത്വത്തെ വേര്‍തിരിച്ചോതുന്നു. കുഞ്ചന്റെ തുള്ളലും തുഞ്ചന്റെ കിളിക്കൊഞ്ചലും കേട്ടുണരുന്ന വള്ളുവനാട് കാര്‍ഷിക സംസ്കൃതിയുടെ ഓര്‍മ്മപ്പെടുത്തലുകളായ ക്ഷേത്രോത്സവങ്ങളും, വാദ്യഘോഷങ്ങളും കൊണ്ട് ധന്യമാണ്.


പ്രസാദ് കെ ഷൊർണുർ