കണ്ടം വൃത്തിയാക്കൽ ചാത്തൻ
കൊണ്ടയൂർ ചാത്തൻ എന്ന കൊണ്ടൂരി ചാത്തൻ
ഒരു കൃഷി ഭൂമിയാണ് കുതിര കണ്ടം. നെടുങ്ങോട്ടൂർ വഴി മുണ്ടമുക പോകുന്ന പ്രധാന വഴിയുടെ പടിഞ്ഞാറ് ഭാഗത്തായി, നെൽ കൃഷി ചെയുന്ന പത്ത് കണ്ടങ്ങൾ ചേർന്ന് കിടക്കുന്ന കോഴിശ്ശേരി പാടത്തെ ഒരു കണ്ടമാണ് കുതിര കണ്ടം. ഇതിൻറെ മദ്ധ്യഭാഗത്ത് ഒരു കൽവിളക്ക് സ്ഥാപിച്ചിരിക്കുന്നു, മുൻ ഭാഗത്തായി ഒരു ബോധി വൃക്ഷം നിൽക്കുന്നു, പിൻഭാഗത്ത് ഒരു പാല മരം വളരുന്നു. ഇവിടെയാണ് നെടുങ്ങോട്ടൂർ ദേശകുതിര എഴുന്നെള്ളിപ്പ് നടക്കുന്നത്.
എല്ലാ വർഷവും നെൽ കൃഷിയുടെ രണ്ടാം വിളവെടുപ്പായ മകര മാസത്തിലെ കൊയ്ത്ത് - മകര കൊയ്ത്ത് കഴിഞ്ഞാൽ. നെൽ കൃഷി ചെയുന്ന പാടങ്ങൾ അടുത്ത വിളവെടുപ്പിനായി ഉഴുത് മറിക്കും. എന്നാൽ കുതിര എഴുന്നെള്ളിപ്പിനുള്ള കണ്ടം ഇത്തരത്തിൽ ഉഴുത് മറിക്കൽ പതിവില്ല, കാരണം കുതിര എഴുന്നെള്ളിപ്പ് കഴിയുമ്പോഴേക്കും കുതിര കണ്ടം മുഴുവൻ ജനങ്ങളാൽ ചവിട്ടിയടയും. ആയതിനാൽ കുതിര കണ്ടം കുതിര എഴുന്നെള്ളിപ്പിന് ശേഷമേ ഉഴുത് മറിച്ചിടാറുള്ളു.
ഇത്തരം ഒരു സാഹചര്യത്തിൽ മകരകൊയ്ത്ത് കഴിഞ്ഞ് കുതിര എഴുന്നെള്ളിപ്പ് ആകുമ്പോഴേക്കുമുള്ള രണ്ട് മാസം കൊണ്ട്, കുതിര കണ്ടം പുല്ലും വള്ളികളും തൊട്ടാവാടിയും ഒക്കെയായി മനുഷ്യർക്ക് കാൽ എടുത്ത് വെക്കുവാൻ പറ്റാത്ത അവസ്ഥയാകും. ഇത് വൃത്തിയാക്കി എടുക്കൽ ഒരു വലിയ അദ്ധ്വാനമാണ്. ഈ ഒരു അദ്ധ്വാനം ഒരുപാട് കാലം ഏറ്റെടുത്ത് ചെയ്‌തിട്ടുള്ള വ്യക്തിയാണ്, കൊണ്ടയൂർ ചാത്തൻ എന്ന ദേശത്തുള്ളവരെല്ലാം സ്‌നേഹപൂർവം വിളിക്കുന്ന കൊണ്ടൂരി ചാത്തൻ.
പ്രായം നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകളാൽ ചാത്തൻ കുതിര കണ്ടം വൃത്തിയാക്കൽ നിർത്തിയിട്ട് ഏതാനും വർഷങ്ങളായി, എന്നാലും ഈ കാലമായാൽ ദേശത്ത് ഉണ്ടാകും ചാത്തൻ. ഇന്നിപ്പോൾ കുതിര കമ്മിറ്റി ചെയുന്നത് കുതിര എഴുന്നെള്ളിപ്പിന് ഏതാനും ദിവസം മുമ്പ് ഒരു ട്രാക്ടർ വിളിച്ച് കൊണ്ട് വന്ന് കുതിര കണ്ടം ഉഴുത് മറിക്കും, എന്നിട്ട് ഒരു ലോറി വിളിച്ച് കൊണ്ട് വന്ന് ഉഴുത് മറിച്ച കണ്ടത്തിലൂടെ തലങ്ങും വിലങ്ങും ഓടിച്ച് ഒരു പതം വരുത്തും. താരതമ്യേന ഇത് ചിലവേറുന്നു.
കൊണ്ടയൂർ ചാത്തൻ
പ്രസാദ് കെ ഷൊർണുർ
No comments:
Post a Comment