ദേശകുതിര പഞ്ചവാദ്യം നെടുങ്ങോട്ടൂർ
കേരളത്തിന്റെ തനതു വാദ്യകലകളില്‍ ഏറ്റവുമധികം പ്രസിദ്ധമായതു പഞ്ചവാദ്യമാണ്. പൂരങ്ങള്‍ക്കും വേലകള്‍ക്കും മറ്റു ക്ഷേത്രാത്സവങ്ങള്‍ക്കും പഞ്ചവാദ്യം ഗാംഭീര്യമേകുന്നു. തിമില, മദ്ദളം, ഇടയ്ക്ക, കൊമ്പ്, ഇലത്താളം എന്നീ വാദ്യങ്ങളാണ് ഈ കലാരൂപത്തില്‍ ഉപയോഗിക്കുന്നത്. ഓടക്കുഴല്‍, മൃദംഗം, കുഴല്‍ എന്നിവയും ഉപയോഗിക്കുന്ന പഞ്ചവാദ്യമേളങ്ങളും അപൂര്‍വ്വമല്ല.
ഘനം സുഷിര മേവ വ
ഗാനമാനന്ദ നൃത്തം ച
പഞ്ചവാദ്യ പ്രവീണിത
എന്നിങ്ങനെയാണ് പഞ്ചവാദ്യത്തിന്റെ നിര്‍വചനം. തതം, വിതതം, ഘനം, സുഷിരം എന്നീ വാദ്യഘോഷങ്ങള്‍ (ഈ സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചു വാദ്യോപകരണങ്ങള്‍) ഉപയോഗിക്കണമെന്നാണ് പ്രമാണം. അഞ്ചുതരം വാദ്യോപകരണങ്ങള്‍ പഴയ പതിവനുസരിച്ച് ചെണ്ട, കുറുംകുഴല്‍, തിമില, ഇടയ്ക്ക, ഢമനം എന്നിവയാണ്. ഇതിനു പുറമേ വീണ, വേണു, മൃദംഗം, ശംഖ്, പടഹങ്ങള്‍ എന്നിവയും പഞ്ചവാദ്യമായി നിര്‍വചിച്ചു കാണുന്നു.
ഇന്ന് പഞ്ചവാദ്യമേളത്തിന് ഉപയോഗിക്കുന്ന വാദ്യങ്ങള്‍ അഞ്ചിലധികമുണ്ട്. ഇടയ്ക്ക, തിമില, മദ്ദളം എന്നിവ എല്ലാ പഞ്ചവാദ്യമേളങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്. ഈ മൂന്നുവാദ്യങ്ങള്‍ക്കുപുറമേ ശംഖും ഇലത്താളവും അല്ലെങ്കില്‍ കൊമ്പും ഇലത്താളവും ചിലയിടങ്ങളില്‍ ഉപയോഗിച്ചുവരുന്നു. തിമില, മദ്ദളം, ഇടയ്ക്ക എന്നിവ ചര്‍മ്മവാദ്യങ്ങളാണ്. കൊമ്പ്, ശംഖ് എന്നിവ സുഷിരവാദ്യങ്ങളും, ഇലത്താളം ഘനവാദ്യവുമാണ്. ആറു വ്യത്യസ്തനാദങ്ങള്‍ കൂടിച്ചേര്‍ന്നു സൃഷ്ടിക്കുന്ന നാദപ്രപഞ്ചമാണ് ഈ കലാരൂപത്തിന്റെ കാതല്‍.
പഞ്ചവാദ്യത്തില്‍ കലാകാരന്‍മാരുടെ എണ്ണത്തിന് പ്രത്യേകപരിധിയില്ല. എന്നാല്‍ വാദ്യോപകരണങ്ങള്‍ എത്രവേണം എന്നതിന് ചില കണക്കുകളുണ്ട്. മദ്ദളത്തിന്റെ എണ്ണത്തിന്റെ ഇരട്ടിയില്‍ ഒന്നു കൂടുതല്‍ തിമിലയും തിമിലയുടെ അത്ര തന്നെ കൊമ്പും, അത്രതന്നെ ഇലത്താളവും വേണം. ചെറിയ പഞ്ചവാദ്യങ്ങള്‍ക്ക് ഒന്നും വലിയ പഞ്ചവാദ്യങ്ങള്‍ക്ക് രണ്ടും ഇടയ്ക്കയുമാവാം എത്രയായാലും ശംഖ് ഒന്നു മതി. അപൂര്‍വ്വമായി വലിയ പഞ്ചവാദ്യങ്ങളില്‍ ഒന്നിലധികം ശംഖ് കാണാറുണ്ട്.
ഏറ്റവും ചെറിയ ഒരു പഞ്ചവാദ്യത്തിന് 3 തിമില, 1 മദ്ദളം, 1 ഇടയ്ക്ക, 2 ഇലത്താളം 2 കൊമ്പ്, 1 ശംഖ് ഇത്രയെങ്കിലും വേണം. എല്ലാ ഇനങ്ങളും ഓരോന്നേ ഉളളുവെങ്കിലും പഞ്ചവാദ്യത്തിന്റെ ഒരു പരിഛേദം കാണിക്കാം. അതില്‍ത്തന്നെ ശംഖിന് പകരം കൊമ്പ് ഉപയോഗിക്കാം. ശരാശരി വലിയ മേളത്തിന് 15 തിമില, 7 മദ്ദളം, 2 ഇടയ്ക്ക, 15 ഇലത്താളം, 15 കൊമ്പ്, 1 ശംഖ് എന്ന ചേരുവ ഉപയോഗിച്ചുവരുന്നുണ്ട്.
പ്രസാദ് കെ ഷൊർണുർ
No comments:
Post a Comment